
കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി നേരിടാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. ഓരോ ഭൂരിപക്ഷവും സർക്കാരിന്റെ ദുഷ്ചെയ്തികൾക്ക് എതിരായ വിധിയെഴുത്താകുമെന്നും വേണുഗോപാൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഓരോ ദിവസവും തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുകയാണ്. ഉമ്മൻചാണ്ടിയെ സിപിഎം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ വേട്ടയാടുന്നുവെന്നും വേണുഗോപാൽ വിമർശിച്ചു. ഈ വേട്ടയാടലിന് എതിരായ വിധിയെഴുത്ത് പുതുപ്പള്ളിയിലുണ്ടാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.
സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാധാരണക്കാരെ ഇരുമ്പ് കൂടം കൊണ്ട് അടിക്കുകയാണ് സർക്കാരെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മൻചാണ്ടിയുടെ പേര് ആർക്കും മായ്ക്കാൻ ആവില്ലെന്നും മുഴുവൻ വികസനത്തേയും ഫ്രീസറിൽ വെച്ച സർക്കാരിനോട് എന്ത് വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ജീവിച്ചിരിക്കുന്ന ഉമ്മൻചാണ്ടിയെക്കാൾ കരുത്തനാണ് മരിച്ച ഉമ്മൻചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. അത് ഇരട്ട ചങ്കിന്റെ കരുത്തല്ലെന്ന് പറഞ്ഞ വേണുഗോപാല്‍, മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ സിപിഎം വേട്ടയാടുന്നുവെന്നും കുറ്റപ്പെടുത്തി. കേരളത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് സിപിഎം. എന്ത് വികസനമാണ് സിപിഎം കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളി പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനലാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam