
തിരുവനന്തപുരം: അമ്പലമുക്ക് (Ambalamukku) കൊലപാതകക്കേസിലെ(murder case) പ്രതി രാജേന്ദ്രനുമായി(rajendran) തമിഴ്നാട്ടിൽ തെളിവെടുപ്പ്. രാജേന്ദ്രൻറെ സ്വദേശമായ അഞ്ചുഗ്രാമത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവൽ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. വിനിതയുടെ കൊല്ലാനുപയോഗിച്ച ആയുധവും തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്ന് പ്രതി രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് പരിശോധന.
വിനീതയുടെ മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല തമിഴ്നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനിൽ നിക്ഷേപിച്ചതും പൊലീസ് കണ്ടെത്തി.
അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വർണം കൈക്കലാക്കാൻ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല.സിസിടിവിയുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത്.കൊലപ്പെടുത്തുമ്പോള്‍ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് ഇന്നലെ കണ്ടെത്തിയിരുന്നു. മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ച ഷർട്ടാണ് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. അമ്പലമുക്കിലെ ചെടിക്കടക്കുള്ളിൽ വച്ച് വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്. ഷർട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പൊലീസ് എത്തിച്ച മുങ്ങൽ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷർട്ട് കണ്ടെത്തിയെങ്കിലും കത്തി കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് കത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്ന് പറഞ്ഞത്
കൊടും ക്രിമിനലായ രാജേന്ദ്രൻ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികള്‍ നൽകുന്നത്. കത്തി കണ്ടെത്താൻ ഇനിയും തെളിവെടുപ്പ് തുടരും. കുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് രാജേന്ദ്രനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. ഉള്ളൂരിലെ സിസിടിവി ദൃശ്യങ്ങളിൽ ടീ ഷർട്ട് ധരിച്ച രാജേന്ദ്രന്‍ ഒരു സ്കൂട്ടറിന് പിന്നിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസിന് തൊണ്ടി മുതൽ ഇടക്കെവിടെയോ ഇയാള്‍ ഉപേക്ഷിച്ചുവെന്ന് സംശയം തോന്നിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഉപേക്ഷിച്ച കാര്യം രാജേന്ദ്രൻ സമ്മതിച്ചത്. വിനിതയെ കൊലപ്പെടുത്തിയ അമ്പലമുക്കിലെ ചെടിക്കടയിലും തെളിവെടുപ്പ് നടത്തി. വിനീതയെ കൊലപ്പെടുത്തിയതെങ്ങനെ ആണെന്ന് ഒരു ഭാവഭേദവുമില്ലാതെ പൊലീസിനോട് രാജേന്ദ്രൻ വിവരിച്ചു.
രാജേന്ദ്രന് മറ്റ് കൊലപാതകങ്ങളിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 2019 നവബംറിൽ ഇരിങ്ങാലക്കുടയിൽ ആനിസെന്ന വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം മോഷ്ടിച്ചിരുന്നു. ഈ കൊലപാതകത്തിൽ രാജേന്ദ്രന് പങ്കുണ്ടോയെന്ന് വ്യക്തമാകാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും രാജേന്ദ്രനെ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam