
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക. തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ. കേസിൽ രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായിരുന്നു.
കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽ വിധി വരുന്നത്. അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻ്റണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 1990 ഏപ്രില്‍ 4നായിരുന്നു സാൽവദോർ സാർലി പിടിയിലായത്. നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിന്‍റെ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഉണ്ടായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻ്റണി രാജു ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് നാല് വർഷത്തിന് ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെ വിട്ടത്. ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ആൻ്റണി രാജുവിനെയും ജോസിനെതിരെയും കോടതി ശിക്ഷിച്ചത്.
സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വർഷം ശിക്ഷിച്ചത്. മറ്റ് വകുപ്പുകളിൽ തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷവും 10,000 രൂപയും ഗൂഢാലോചന ആറുമാസവും, കള്ളത്തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷവും വ്യാജ രേഖയുണ്ടാക്കിയതിന് രണ്ട് വർഷവുമാണ് ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. അതിനാൽ ശിക്ഷാ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയിൽ കേള്‍ക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam