മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

Web Desk   | Asianet News
Published : Jan 30, 2020, 09:07 AM IST
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

Synopsis

1982 മുതൽ 1987 വരെ കെ കരുണാകരൻ സർക്കാരിൽ സഹകരണവകുപ്പ് മന്ത്രിയായിരുന്ന എം കമലം, കോൺഗ്രസിലെ വനിതാനേതാക്കളിൽ ഏറ്റവും പ്രമുഖ എന്ന് വിശേഷിപ്പിക്കാവുന്ന എം കമലത്തിന്, മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധമുണ്ടായിരുന്നു.

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കുറച്ചുകാലമായി അവർ കിടപ്പിലായിരുന്നു. കോഴിക്കോട്ടായിരുന്നു അന്ത്യം. വൈകിട്ട് 5.30-ക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകൾ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കൾ കോഴിക്കോട്ടെത്തി എം കമലത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എം കമലത്തിന്‍റെ മരണത്തിൽ അനുശോചിച്ചു. ദുഃഖാചരണത്തിന്‍റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് നടത്താനിരുന്ന മനുഷ്യഭൂപടം ഉൾപ്പടെ എല്ലാ പരിപാടികളും മാറ്റിയതായി ഡിസിസി അറിയിച്ചു. അടുത്ത മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണമായിരിക്കുമെന്നും ഡിസിസി അറിയിച്ചു. 

കോൺഗ്രസിലെ ഏറ്റവും പ്രമുഖയായ വനിതാനേതാക്കളിൽ ഒരാളായിരുന്നു കമലം. കെ കരുണാകരൻ മന്ത്രിസഭയിൽ 1982 മുതൽ 1987 വരെ സഹകരണമന്ത്രിയായി. വനിതാ കമ്മീഷൻ ചെയർപേഴ്സൺ, കെപിസിസി വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, എഐസിസി അംഗം എന്നിങ്ങനെ കേരളത്തിലെ കോൺഗ്രസിന്‍റെ പല തട്ടുകളിൽ സജീവമായി പ്രവർത്തിച്ചു അവർ. 

മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധമുണ്ടായിരുന്ന എം കമലം പക്ഷേ അടിയന്തരാവസ്ഥയെ തുറന്നെതിർത്തു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, അതിനെതിരെ സംഘടനാ കോൺഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോൾ അറസ്റ്റിലായി. 

സംഘടനാ കോൺഗ്രസ് ജനതാപാർട്ടിയായപ്പോൾ, അതിൽ തുടർന്നു. പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി സ്ഥാനാർത്ഥിയായി കോഴിക്കോട്ട് മത്സരിച്ച് പരാജയപ്പെട്ടു. ജനതാ പാർട്ടി വിട്ട് ജനതാ (ഗോപാലൻ) പാർട്ടിയിൽ ചേർന്ന എം കമലം പിന്നീട് ഈ പാർട്ടി കോൺഗ്രസിൽ ലയിച്ചപ്പോൾ കോൺഗ്രസിൽത്തന്നെ തിരികെയെത്തി. 

കോഴിക്കോട് മുൻസിപ്പാലിറ്റിയിലെ പ്രവർത്തനപരിചയം, അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവായി എം കമലത്തിനെ മാറ്റി. അതിന്‍റെ അനുഭവസമ്പത്ത് അവർക്ക് എന്നും ഉണ്ടായിരുന്നു താനും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയത് മെമ്മറി കാർഡ്, രഹസ്യഫോൾഡറിൽ മറ്റ് സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങളും; പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും