ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ഇന്നസെന്‍റ്

By Web TeamFirst Published Aug 13, 2019, 4:40 PM IST
Highlights

ഇതൊക്കെ വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. 

തിരുവനന്തപുരം: ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചാലക്കുടി മുന്‍ എംപിയും നടനുമായ ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് പെന്‍ഷന്‍ തുക സംഭാവന ചെയ്യുന്ന കാര്യം ഇന്നസെന്‍റ് വ്യക്തമാക്കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടര്‍ക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും സിഎംഡിആർഎഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്‍റെ ഗുണഭോക്താവാണെന്നും അദ്ദേഹം പറഞ്ഞു. കെ വി അബ്ദുൾ ഖാദർ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു. 


ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എംപി പെൻഷൻ ഞാൻ നൽകുകയാണ്. മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറി. 25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ.

ഒരു വർഷത്തെ പെൻഷൻ തുക പൂർണമായും ദുരിതബാധിതർക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.

എംപി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നൽകിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി.

ഇതൊക്കെ വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു.

സിഎംഡിആർഎഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്‍റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ. കെ വി അബ്ദുൾ ഖാദർ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു.

click me!