നീലേശ്വരം സ്കൂളിലെ പരീക്ഷ ക്രമക്കേട്: സമഗ്ര അന്വേഷണം വേണോയെന്ന് ഇന്ന് തീരുമാനിക്കും

By Web TeamFirst Published May 16, 2019, 7:02 AM IST
Highlights

കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കോഴിക്കോട്: നീലേശ്വരം സ്കൂളിലെ പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമോയെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തീരുമാനമെടുക്കും. വ്യാപക ക്രമക്കേട് നടന്നെന്ന റിപ്പോർട്ട്  ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. അതിനിടെ, കേസിൽ ഒളിവിൽ പോയ മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കി. 

കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മറ്റ് പ്രതികളും മുൻകൂർ ജാമ്യം തേടി ജില്ലാകോടതിയെ സമീപിച്ചേക്കും.

സ്കൂളിലെ ഹയർ സെക്കൻഡറി പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റിപ്പോർട്ട് നല്‍കി. കൂടുതൽ ഉത്തരക്കടലാസുകൾ തിരുത്തിയതായി സംശയമുണ്ടെന്നും സംഭവത്തില്‍ കൂടുതൽ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പ്ലസ് വണ്‍ കൊമേഴ്‍സിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ പേപ്പറിന്‍റെ 31 ഉത്തരക്കടലാസുകള്‍ തിരുത്തിയതില്‍ രണ്ട് കുട്ടികള്‍ രണ്ട് കുട്ടികള്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതണമെന്ന് റിപ്പോർട്ട് പറയുന്നു. മറ്റ് 30 പേരുടെ പരീക്ഷയുടെ കാര്യം പിന്നീട് തീരുമാനിക്കും.

ഇതിനിടെ, അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ പരീക്ഷ റദ്ദാക്കി കൊണ്ട്, വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്. രണ്ട് കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കൾ ആദ്യം എതിർത്തിരുന്നു. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാൻ കുട്ടികൾ അപേക്ഷ നൽകി.

മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പുറത്തുവന്നത്. നിഷാദ് വി. മുഹമ്മദ് 4 വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. ഉത്തരക്കടലാസുകളിൽ സമാനമായ കയ്യക്ഷരം കണ്ടതോടെയാണ് മൂല്യ നിർണയം നടത്തിയ അധ്യാപകർക്ക് സംശയം തോന്നിയത്. തുടർന്ന് ഇതേ വിദ്യാർത്ഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റു ക്യാംപുകളിൽ നിന്നും വരുത്തി നോക്കിയതോടെ പരീക്ഷ എഴുതിയത് വിദ്യാർത്ഥികളല്ലെന്ന് വ്യക്തമായി. 

സംഭവത്തിൽ നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തിരുന്നു. +2 ൽ മൂന്ന് കുട്ടികളുടെയും +1 ൽ 33 കുട്ടികളുടെയും പരീക്ഷഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. ആകെ പരീക്ഷയെഴുതിയ 174 കുട്ടികളിൽ 23 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. രണ്ട് കുട്ടികൾ തോറ്റു.

click me!