ജവാൻ സുരക്ഷിതമെന്ന് എക്സൈസ്: സർക്കാർ റമ്മിനെതിരെ മദ്യലോബിയുടെ പ്രചരണമെന്ന് ആരോപണം

By Web TeamFirst Published Nov 19, 2020, 12:25 PM IST
Highlights

സര്‍ക്കാര്‍ സ്ഥാപനമായി ട്രാവന്‍കൂര്‍ ഷുഗേഴ്സ് പുറത്തിറക്കുന്ന ജവാന്‍ ബ്രാന്‍ഡ് റമ്മിന്‍റെ മൂന്ന് ബാച്ചുകളുടെ വില്‍പ്പന മരവിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ ഉത്തരവാണ് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയത്.

തിരുവനന്തപുരം: ജവാന്‍ മദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സും എക്സൈസ് കമ്മീഷണറും വ്യക്തമാക്കി. ആല്‍ക്കഹോളിന്‍റെ വീര്യം കുറവെന്ന് കണ്ടെത്തിയ മൂന്ന് ബാച്ച് മദ്യം മാത്രമാണ് പിന്‍വലിച്ചതെന്നും ജവാന്‍ കഴിച്ചതിന്‍റെ പേരില്‍ ഗുരുതരവാസ്ഥയില്‍ ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും  അധികൃതര്‍ അറിയിച്ചു. 

സര്‍ക്കാര്‍ സ്ഥാപനമായി ട്രാവന്‍കൂര്‍ ഷുഗേഴ്സ് പുറത്തിറക്കുന്ന ജവാന്‍ ബ്രാന്‍ഡ് റമ്മിന്‍റെ മൂന്ന് ബാച്ചുകളുടെ വില്‍പ്പന മരവിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ ഉത്തരവാണ് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയത്.  ജവാന്‍ റമ്മില്‍ ഈഥൈല്‍ ആല്‍ക്കഹോളന്‍റെ അളവ് 42.86 ആണ്. എന്നാല്‍ ജൂലൈ മാസത്തില്‍ നിര്‍മ്മിച്ച മൂന്ന് ബാച്ച് മദ്യ സാംപിളില്‍ വീര്യം 39 ശതമാനമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഈ സാഹചര്യത്തിൽ ഈ മൂന്ന് ബാച്ചിലെ മദ്യം വില്‍ക്കരുതെന്നാണ് എക്സൈസ് ഉത്തരവ്. 

എന്നാല്‍ ജവാന്‍ കഴിക്കരുതെന്നും, കഴിച്ചവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം സജീവമായി. ജനകീയ ബ്രാൻഡായ ജവാൻ്റെ വിൽപനയെ തന്നെ വ്യാജപ്രചാരണം ബാധിച്ചതോടെയാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് ചെയർമാൻ കൂടിയായ  എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണൻ വിശദീകരണവുമായി രംഗത്ത് വന്നത്.

വില കുറവായതിനാലും സര്‍ക്കാര്‍ സ്ഥാപനം നിര്‍മ്മിക്കുന്ന മദ്യമായതിനാലും സംസ്ഥാനത്ത് ഏറ്റവുമധികം ഡിമാന്‍റുള്ള മദ്യമാണ് ജവാന്‍. ഡിമാൻഡ് മൂലം ജവാൻ്റെ പ്രതിദിന ഉത്പാദനം ഉയര്‍ത്തണമെന്ന് കുറച്ചു കാലമായി ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ജവാൻ  റമ്മിനെതിരായ പ്രചാരണത്തിന് പിന്നില്‍ സ്വകാര്യ മദ്യലോബിയാണെന്ന ആക്ഷേപവും ശക്തമാണ്.
 

click me!