
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയിൽവെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിങിലൂടെയും കര്‍ശന വാഹന പരിശോധനയിലൂടെയും തടയുമെന്നും അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിങുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് പിക്കറ്റുകളും പട്രോളിങുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്‍മെന്റോ സംഘാടകരോ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112ല്‍ പോലീസിനെ വിവരം അറിയണമെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam