തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ; സംസ്ഥാന സർക്കാർ ഉത്തരവ് തിരുത്തി

By Web TeamFirst Published May 7, 2020, 7:22 PM IST
Highlights

യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കൊവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവർ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തിൽ കഴിയണം

തിരുവനന്തപുരം: ഗൾഫിൽ നിന്ന് പ്രവാസികൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയാൽ ഇവരെ ക്വാറന്റീനിൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് വീണ്ടും തിരുത്തി. തിരിച്ചെത്തുന്ന പ്രവാസികളിൽ പരിശോധന നടത്താത്തവർ 14 ദിവസം സർക്കാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ ക്വാറന്റീനിൽ കഴിയണം.

ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലങ്ങളിലാണ് ഇവർ കഴിയേണ്ടത്. യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കൊവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവർ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഇവർക്ക് ഏഴ് ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

കേന്ദ്രത്തിൽ നിന്നും ആശയ വ്യക്തത വരുത്തിയ ശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയത്. തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈൻ എന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ രാത്രി പുറത്തിറങ്ങിയ ഉത്തരവിൽ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ ക്വാറന്റീൻ എന്ന് പറഞ്ഞു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ഏഴ് ദിവസം ഹോം ക്വാറന്റീൻ ആണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഫലത്തിൽ വിദേശത്ത് നിന്ന് തിരികെ വരുന്ന എല്ലാവരും ആദ്യത്തെ ഏഴ് ദിവസം സർക്കാറിന്റെ ക്വാറന്റീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചവരും ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം.

click me!