
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോർട്ടിൽ പറയുന്നു.
തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സാമൂഹിക ആഘാത പഠനം നടത്തിയത്. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് സാമൂഹിക നീതി വകുപ്പിലെ അഡീഷണൽ ഡയറക്ടറായിരുന്ന പി പ്രതാപൻ ചെയർമാനായ ഒമ്പതംഗ വിദഗ്ധ സമിതി അവലോകനം ചെയ്തത്. വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകുന്ന സാമ്പത്തിക - സാമൂഹിക പ്രയോജനം പദ്ധതിയുണ്ടാക്കുന്ന സാമൂഹിക ആഘാതത്തേക്കാൾ കൂടുതലാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
ഇതിനാൽ തന്നെ സംസ്ഥാന സർക്കാരിന് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാം. ശബരിമല തീർത്ഥാടകർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഭാവിയിൽ വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കും. സർക്കാരിന്‍റെ പ്രധാനപ്പെട്ട വരുമാന സ്രോതസായി പദ്ധതിയെ മാറ്റിയെടുക്കാൻ കഴിയും. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ പെരുവഴിയിലാകുന്നവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കണം.
ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റുമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ചെറുവളളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടി വരും. ഇതിനുപുറമെ 100 വർഷത്തിലധികം പഴക്കമുള്ള കാരിത്തോട് എൻഎം എൽപി സ്കൂൾ, ഏഴ് ആരാധനാലയങ്ങൾ അഞ്ച് കച്ചവട സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയും മാറ്റി സ്ഥാപിക്കണം. പൊതുവികസന പ്രവർത്തനങ്ങൾക്ക് ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കാമെന്ന പ്രത്യക ശുപാർശയും വിദഗ്ധ സമിതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. കുടിയെഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നതാണ് മറ്റൊരു നിർദേശം.
ആരാകും രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി? മൂന്നു പേരുകള്‍ പരിഗണനയിൽ, ബിജെപിയിൽ ഇന്നും ചര്‍ച്ച തുടരും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam