
മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി പോകേണ്ടി വരികയും ചികിത്സ വൈകിയതിന് പിന്നാലെ ഇരട്ടകുട്ടികള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായും കണക്കാക്കുന്നുണ്ട്. രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലായിരുന്നുവെന്ന് മാത്രമല്ല, കൂടുതല്‍ സൗകര്യങ്ങളുളള മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണെങ്കില്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചികിത്സ നിഷേധിച്ച സംഭവം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നതിനും കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനും കാരണമാകുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam