ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കും, മൽസ്യത്തൊഴിലാളികൾക്ക് മീനിന് പരമാവധി വില ലഭ്യമാക്കും: സജി ചെറിയാന്‍

By Web TeamFirst Published Jun 30, 2022, 9:31 AM IST
Highlights

കടലിൽ വെച്ച് മരണമടയുന്ന തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകും. എല്ലാ പരമ്പരാഗത മൽസ്യബന്ധന യാനങ്ങളും ഇൻഷുറൻസ് എടുക്കാൻ തയ്യാറാവണം

തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മൽസ്യത്തൊഴിലാളികൾക്ക് മീനിന് പരമാവധി വില ലഭ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടാനുള്ള സർക്കാർ സഹായം ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

കടലിൽ വെച്ച് മരണമടയുന്ന തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകും. എല്ലാ പരമ്പരാഗത മൽസ്യബന്ധന യാനങ്ങളും ഇൻഷുറൻസ് എടുക്കാൻ തയ്യാറാവണം. മൽസ്യഫെഡിൽ ജോലി ചെയ്യുന്ന 100 ശതമാനം ആളുകളും മൽസ്യത്തൊഴിലാളി മേഖലയിൽ നിന്ന് തന്നെയാണ്. 
മണ്ണെണ്ണ സബ്സിഡിയ്ക്കായി യോജിച്ച പ്രക്ഷോഭം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

Read Also: കടൽ പ്രക്ഷുബ്ധം; കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു

കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ചാലിയം സ്വദേശി അലി അസ്കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്.

ചാലിയത്ത് അപകടത്തിൽ പെട്ചത് കാണാതായ ആൾ ഉൾപ്പെടെ ആറുപേർ ആയിരുന്നു. ഇവരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പൽ ആണ് .തുടർന്ന് കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു. ഇവർ ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാൾ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്.ചാലിയത്തു നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ ദൂരെയായിരുന്നു അപകടം.ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

 കൊല്ലം അഴീക്കലിൽ മറിഞ്ഞ ബോട്ടിൽ 36പേരുണ്ടായിരുന്നു. ഇതിൽ ഒരാളെ കാണാതാകുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.

ആലപ്പുഴയിലും കടലിൽ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കൽ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികൾ കടലിൽ ഇറങ്ങിയത്

click me!