'അയാളുടെ കാലിൽ പൊള്ളലേറ്റിരുന്നു; അക്രമിയാണെന്നറിയാതെയാണ് യാത്രക്കാർ രക്ഷപ്പെടാൻ സഹായിച്ചത്'

Published : Apr 03, 2023, 09:25 PM ISTUpdated : Apr 03, 2023, 10:04 PM IST
'അയാളുടെ കാലിൽ പൊള്ളലേറ്റിരുന്നു; അക്രമിയാണെന്നറിയാതെയാണ് യാത്രക്കാർ രക്ഷപ്പെടാൻ സഹായിച്ചത്'

Synopsis

ട്രെയിനിനകത്ത് പത്ത് മിനിറ്റിന് ശേഷമാണ് ഉദ്യോ​ഗസ്ഥരെത്തിയത്. പുഴക്ക് മുകളിലായതിനാൽ ആളുകൾ വീഴാതിരിക്കാൻ വാതിലുകൾ അടച്ചുവെന്നും ജോയി വിശദീകരിച്ചു. 

കോഴിക്കോട്: എലത്തൂരിലെ  ട്രെയിൻ ആക്രമണ സംഭവത്തിൽ ദൃക്സാക്ഷിയാണ് കണ്ണൂർ സ്വദേശി എം ജോയ്. ആക്രമണം നടന്ന ട്രെയിനിലെ യാത്രക്കാരനായിരുന്നു ജോയ്. അക്രമിയുടെ കാലിൽ പൊള്ളലേറ്റിരുന്നെന്ന് ജോയി ന്യൂസ് അവറിൽ സംസാരിക്കവേ വ്യക്തമാക്കി. അക്രമിയാണെന്ന് അറിയാതെ ഇയാളെ രക്ഷപ്പെടുത്താൻ യാത്രക്കാർ സഹായിച്ചു. സംഭവം ഉണ്ടായി അധികം താമസിയാതെ ഇയാളെ കാണാതായി. ട്രെയിനിനകത്ത് പത്ത് മിനിറ്റിന് ശേഷമാണ് ഉദ്യോ​ഗസ്ഥരെത്തിയത്. പുഴക്ക് മുകളിലായതിനാൽ ആളുകൾ വീഴാതിരിക്കാൻ വാതിലുകൾ അടച്ചുവെന്നും ജോയി വിശദീകരിച്ചു. 

''ഞാനും ഭാര്യയും മകളും ചേർത്തലയിൽ നിന്ന് കണ്ണൂരേക്ക് വരികയായിരുന്നു. ഞങ്ങളുണ്ടായിരുന്നത് ഡി 2 വിന്റെ ആദ്യത്തെ സീറ്റുകളിലാണ്. സംഭവം നടന്നത് ഡിവൺ കോച്ചിന്റെ അവസാന ഭാ​ഗത്താണ്. വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ വലിയൊരു അ​ഗ്നി​ഗോളമാണ് കാണുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമോ മറ്റോ കോച്ച് കത്തുന്നു എന്നാണ് ആദ്യം കരുതിയത്. ആളുകൾ പരിഭ്രാന്തരാകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ തീ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. ദേഹത്ത് തീ പിടിച്ച് പൊള്ളലേറ്റ ആളെ ബാത്റൂമിനുള്ളിലേക്ക് ആരോ കയറ്റി. പിന്നീടാണ് കാലിൽ തീ പടർന്ന ഒരാൾ നടന്നു വരുന്നത് കണ്ടത്. നമ്മൾ കരുതിയത് പൊള്ളലേറ്റ ആൾ ആണ് വരുന്നതെന്നാണ്. അയാളുടെ മുഖം ശരിക്ക് കണ്ടില്ല. കാൽ കത്തിയിട്ട് നടന്നു വരുന്നതാണ് കണ്ടത്. കാലിലെ തീ അണഞ്ഞ്,  അയാൾ പോയതിന് ശേഷം മാത്രമാണ് അറിയുന്നത് അയാളാണ്  തീ കൊളുത്തിയതെന്ന്.'' പിന്നീട് സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് എല്ലാവരും നടത്തിയതെന്നും ജോയ് വ്യക്തമാക്കി. 

''ചങ്ങല വലിച്ച് വണ്ടി നിർത്തി പുറത്തേക്ക് ചാടാൻ നോക്കിയപ്പോൾ മുന്നിൽ വലിയ പുഴയാണ് കണ്ടത്. തുടർന്ന് വാതിലുകൾ ലോക്ക് ചെയ്തു. അപ്പോഴേക്കും തീ അണഞ്ഞ് പുക മാത്രമായി. പൊള്ളലേറ്റ ആളെ കുപ്പി വെള്ളം ഉപയോ​ഗിച്ച് വരെയാണ് ആളുകൾ തീയണച്ചത്. പിന്നീട് ഡിടൂ വിൽ കൊണ്ടുവന്നു. അപ്പുറത്തെ ഭാ​ഗത്ത് അപ്പോഴും ആളുകൾ പൊള്ളലേറ്റ് കിടക്കുന്നുണ്ടെന്ന് അറിഞ്ഞു. ട്രെയിനിനുള്ളിൽ ഔദ്യോ​ഗികമായ ആരെയും കണ്ടെത്താൻ സാധിച്ചില്ല. പത്ത് മിനിറ്റിന് ശേഷമാണ് റെയിൽവേയിലെ ആളുകൾ എത്തുന്നത്. ആളുകളെ ബെഡ്ഷീറ്റിൽ കിടത്തിയാണ് പുറത്തിറക്കിയത്. കത്തിച്ചാമ്പലാകും അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങിമരിക്കും എന്നാണ് കരുതിയത്.'' ഇപ്പോഴും ആ ഞെട്ടലിൽ‌ നിന്നും മോചിതരായിട്ടില്ലെന്നും ജോയിയുടെ വാക്കുകൾ. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്