ജാതി അധിക്ഷേപം പതിവ്, പലവട്ടം താക്കീതിലൊതുങ്ങി; ഒരു വർഷത്തിനിടെ രണ്ടാം സസ്പെൻഷൻ; പവിത്രനെ പിരിച്ചുവിട്ടേക്കും

Published : Jun 13, 2025, 04:07 PM IST
Deputy Tahsildar Pavithran

Synopsis

വിമാന ദുരന്തത്തിൽ കേരളത്തിൻ്റെ നോവായി മാറിയ രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രൻ സമാനമായ അധിക്ഷേപം മുൻപും നടത്തി നടപടി നേരിട്ടിരുന്നു

കാ‌ഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രൻ സസ്പെൻഷനിലാകുന്നത് ഒരു വർഷത്തിനിടെ രണ്ടാം തവണ. ജാതി അധിക്ഷേപം സംബന്ധിച്ച് ഇതിന് മുൻപും പവിത്രനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെയായിരുന്നു ജാതി അധിക്ഷേപം. ഇതിൻ്റെ പേരിൽ സസ്പെൻഷനിൽ പോയ ശേഷം തിരികെ സർവീസിൽ കയറിയ പവിത്രൻ, മാസങ്ങൾക്കിപ്പുറം രാജ്യം നടുങ്ങി നിൽക്കെയാണ്, ദുരന്തത്തിൽ ഇരയായ സ്ത്രീക്കെതിരെ പരസ്യമായ അധിക്ഷേപം നടത്തിയത്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനാണ് ജില്ലാ കളക്ടറുടെ ശുപാർശ. രഞ്ജിതക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രഞ്ജിത. ജി.നായരെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇയാൾ എഴുതിയത്. സംഭവം വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പദവിയിൽ നിന്ന് എ.പവിത്രനെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്‌തു. സമൂഹ മാധ്യമത്തിൽ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു.

നെല്ലിക്കാട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റാണ് പവിത്രനെതിരെ ആദ്യം പരാതി നൽകിയത്. 2023 ആഗസ്തിലായിരുന്നു സംഭവം. സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ എഡിഎം അന്ന് പവിത്രന് താക്കീത് നൽകി. 2024 ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തപെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് ഇയാളെ മേലുദ്യോഗസ്ഥൻ താക്കീത് ചെയ്തു.

ഇതോടെ തൻ്റെ ഫെയ്‌ബുക്കിലെ പേര് പവി ആനന്ദാശ്രമം എന്നാക്കി മാറ്റിയ പവിത്രൻ, ഇതിലൂടെ മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു. ഇതേ തുടർന്നാണ് ഇയാളെ 2024 സെപ്തംബര്‍ 18ന് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്‌തത്. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കി. ഇതോടെ 2024 നവംബർ ഏഴിന് ഇയാൾ സർവീസിൽ തിരികെ പ്രവേശിച്ചു. എന്നാൽ ഏഴ് മാസത്തിനിപ്പുറം നാടിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിലയിൽ വീണ്ടും ഫെയ്സ്ബുക്കിൽ പ്രതികരിച്ചതോടെയാണ് വീണ്ടും സസ്പെൻഷനും അറസ്റ്റുമടക്കം നടപടിയുണ്ടായത്.

നിരവധി തവണ മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും സസ്പെൻഷൻ അടക്കം നടപടികള്‍ക്ക് വിധേയനായിട്ടും വകുപ്പിനും സര്‍ക്കാരിനും നാടിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്ന പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനാണ് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി