സ്വത്ത് തട്ടിയെടുക്കാനായി ജോളി തയ്യാറാക്കിയ വ്യാജഒസ്യത്തിന്‍റെ പകര്‍പ്പ് പുറത്ത്

Published : Oct 15, 2019, 09:49 AM IST
സ്വത്ത് തട്ടിയെടുക്കാനായി ജോളി തയ്യാറാക്കിയ വ്യാജഒസ്യത്തിന്‍റെ പകര്‍പ്പ് പുറത്ത്

Synopsis

കൂടത്തായിയിൽ ധാരാളം അടുപ്പക്കാരുള്ള തന്‍റെ വില്‍പത്രത്തില്‍ 35 കീലോമീറ്റര്‍ അകലെയുള്ള കുളങ്ങര സ്വദേശികള്‍ സാക്ഷിയായി ഒപ്പിട്ടതാണ് മകന്‍ റോജോയില്‍ സംശയം സൃഷ്ടിച്ചത്. ഇതേ തുടര്‍ന്ന് റോജോ പൊലീസിന് നല്‍കിയ പരാതിയാണ് കൂടത്തായി കൂട്ടക്കൊല ലോകമറിയാന്‍ കാരണമായത്.     

കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാനായി മരണപ്പെട്ട ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജവിൽപത്രത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച്. ടോം തോമസിന്റെ പേരിൽ രണ്ട് വിൽപത്രങ്ങളാണ് ജോളി തയ്യാറാക്കിയത്. ഇതിലൊന്ന് ആദ്യഭർത്താവ് റോയിയുടെ മരണത്തിന് മുൻപും മറ്റൊന്ന് റോയ് മരണപ്പെട്ട ശേഷവുമാണ്.

റോയ് ജീവിച്ചിരിക്കുമ്പോൾ തയ്യാറാക്കിയ ആദ്യത്തെ വിൽപത്രത്തിന് സാക്ഷികളല്ല. എന്നാൽ റോയിയുടെ മരണത്തിന് ശേഷം തയ്യാറാക്കിയ രണ്ടാമത്തെ വിൽപത്രത്തിൽ രണ്ട് സാക്ഷികൾ ഒപ്പിട്ടുണ്ട്. ഈ ആധാരം നോട്ടറി അറ്റസ്റ്റേഷനും നടത്തി ആധികാരിക രേഖയാക്കിയിട്ടുണ്ട്. എന്നാൽ അറ്റസ്റ്റേഷൻ നടത്തിയ തീയതി വിൽപത്രത്തിൽ ഇല്ല. രണ്ടാമത്തെ വ്യാജവിൽപത്രത്തെ അടിസ്ഥാനമാക്കിയാണ് ഭൂമികൈമാറ്റം നടത്തിയത്. 

പേരും ഒപ്പും അറ്റസ്റ്റേഷനുമുള്ള ഈ രണ്ടാമത്തെ വ്യാജവിൽപത്രം തന്നെയാണ് റോയിയുടെ സഹോദരൻ റോജോയിൽ സംശയം സൃഷ്ടിച്ചതും കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിക്കുന്നതിലേക്ക് വഴി തുറന്നതും. രണ്ടാമത്തെ വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ സിപിഎം ചാത്തമം​ഗല കട്ടാങ്ങൽ മുൻലോക്കൽ സെക്രട്ടറി മനോജായിരുന്നു. 

ചാത്തമം​ഗലവും കൂടത്തായിയും തമ്മിൽ 35 കിലോമീറ്ററോളം ദൂരമുണ്ട്. കൂടത്തായിയിൽ ധാരാളം ബന്ധങ്ങൾ ഉള്ള ടോം തോമസ് അവിടെയുള്ള ആരേയും ആശ്രയിക്കാതെ ചാത്തമം​ഗലത്തെ കുളങ്ങരയിൽ നിന്നും സാക്ഷികളെ കൊണ്ടു വന്നതാണ് മകൻ റോജോയ്ക്ക് സംശയം ഉണ്ടാക്കിയത്. വിൽപത്രത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ റോജോ പലവട്ടം പഞ്ചായത്ത് ഓഫീസും മറ്റും കയറിയിറങ്ങിയെങ്കിലും തഹസിൽദാർ ജയശ്രീയുടെ ഇടപെടലിനെ തുടർന്ന് രേഖകളൊന്നും ലഭിച്ചില്ല. 

കൂടത്തായി കേസിന്റെ അന്വേഷണം തുടങ്ങിയ ശേഷം മനോജിനെ ചോദ്യം ചെയ്ത പൊലീസിനോട് ജോളിയുമായി കണ്ടു പരിചയം മാത്രമേയുള്ളൂവെന്നാണ് മനോജ് ആദ്യം മൊഴി നൽകിയത്. പിന്നീട് ടെലിഫോൺ രേഖകളടക്കം വച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ ആണ് ജോളിയുമായി സൗഹൃദമുണ്ടെന്നും പല രേഖകളിലും ജോളി തന്നെ കൊണ്ട് ഒപ്പിടിച്ചിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ മനോജ് വെളിപ്പെടുത്തിയത്. 

അതേസമയം കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വ്യാജഒസ്യത്ത് കേസിൽ കുറ്റക്കാരെ കണ്ടെത്താനുള്ള സർക്കാർ തലത്തിൽ അന്വേഷണം തുടരുകയാണ്. ഇന്നലെ ജോളിയുടെ സുഹൃത്തായ തഹസിൽദാർ ജയശ്രീയിൽ നിന്നും മൊഴിയെടുത്ത അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ സി.ബിജു ഇന്ന് നാല് ഉദ്യോ​ഗസ്ഥരുടെ കൂടി മൊഴി രേഖപ്പെടുത്തും. കൂടത്തായി മുൻ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റുമാർ എന്നിവരാണ് ഇന്ന് മൊഴി നൽകുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു, 33 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരമല്ല
ബാലറ്റ് പേപ്പറിൽ ശ്രീലേഖ ഒപ്പിട്ടില്ല, തിരുവനന്തപുരം നഗരസഭാ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധു