
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെ യുവതിയുടെ കുടുംബം. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതെന്ന് കുടുംബം ആരോപിച്ചു. നീതി കിട്ടുമെന്ന പ്രതീക്ഷകളില്ലാതെയായി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ആശുപത്രി ഉടമകൾക്കെതിരെ നടപടി എടുത്തില്ല. കേസിൽ പ്രതിചേർക്കപ്പെട്ട ആശുപത്രി ഉടമകൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. അന്വേഷണം ശരിയായ ദിശയിൽ അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുവതിയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിൽ പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായത്. സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ലൈസൻസ് നൽകിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന നീതുവിൻ്റെ കുടുംബം രംഗത്ത് വന്നിരുന്നു. അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതി, ആഴ്ചകളായി ദുരിത ജീവിതം നയിക്കുകയാണ്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലായി. യുവതിയുടെ ഒൻപത് വിരലുകൾ മുറിച്ചു മാറ്റുകയും ചെയ്തു.
ബന്ധുക്കൾ നൽകിയ പരാതി പ്രകാരം കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെ മെയ് അഞ്ചിനാണ് ആശുപത്രിക്ക് ക്ലിനിക്കൽ രജിസ്ട്രേഷൻ നൽകിയത്. അതേസമയം സംഭവത്തിൽ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത് വന്നു. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായി ഉണ്ടാകാവുന്ന മെഡിക്കൽ സങ്കീർണതയാണെന്നും, ചികിത്സാ പിഴവ് സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടില്ലെന്നും ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ ശ്രീജിത്ത് ആർ , സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിലെ വിശദീകരണം.