
കൊല്ലം: കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രംഗത്ത്. മരിക്കുന്നതിന്റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലിൽ ജയിലിൽ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സാന്ദ്രയുടെ കുടുംബം ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ തുടരാൻ പറ്റാത്ത സാഹചര്യം ആണെന്ന് പറഞ്ഞിരുന്നു. മുമ്പുണ്ടായിരുന്ന വാർഡൻ സാന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ആ വാർഡൻ മാറി ആ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ് ആവശ്യപ്പെട്ടു. വിളിച്ചാൽ മോളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സമഗ്ര അന്വേഷണം വേണമെന്നും സാന്ദ്രയുടെ അമ്മ സിന്ധു ആവശ്യപ്പെട്ടു.
കൊല്ലത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയും തൂങ്ങി മരിച്ചത്. പുലർച്ചെ 5 മണിയായിട്ടും സായിയിലെ കായിക പരിശീലനത്തിനായി തയ്യാറാകേണ്ട സമയമായിട്ടും രണ്ട് പെൺകുട്ടികളെ കണ്ടില്ല. പരിശോധിച്ചപ്പോഴാണ് ഹോസ്റ്റൽ മുറി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് വാർഡനും മറ്റുള്ളവരും ചേർന്ന് മുറി തള്ളിത്തുറന്നു. ഫാനിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയുമാണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. മൊഴികൾ അടക്കം ശേഖരിച്ച് ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam