
കോഴിക്കോട്: പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ (87) അന്തരിച്ചു. കോഴിക്കോട്ടാണ് അന്ത്യം. കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്ന ഇദ്ദേഹം ഹവായന്‍ ഗിറ്റാറില്‍ മാസ്മരികപ്രകടനം നടത്തുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളായിരുന്നു. പ്രശസ്തമായ ഹട്ടൻസ് ഓർക്കസ്ട്രയുടെ സ്ഥാപകനാണ്. കോഴിക്കോട് അശോകപുരം സ്വദേശിയായിരുന്നു. ഭാര്യ ഫ്‌ളോറിവെല്‍ ഹട്ടൻ. മക്കൾ വിനോദ് ഹട്ടന്‍, സലിന്‍ ഹട്ടന്‍, സുജാത ഹട്ടന്‍.
ഗിറ്റാറിസ്റ്റായും പാട്ടുപാടിയും കേരളത്തിലെ എല്ലാ സംഗീതപ്രതിഭകള്‍ക്കുമൊപ്പം ആര്‍ച്ചി വേദിപങ്കിട്ടിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റർ, കോഴിക്കോട് അബ്ദുള്‍ഖാദര്‍, എംഎസ് ബാബുരാജ്, ജോണ്‍സൺ മാഷ്, ചിദംബരനാഥ് എന്നിവര്‍ക്കൊപ്പവും ആര്‍ച്ചിയുടെ സംഗീതം ആസ്വാദകര്‍ കേട്ടു. വിവാഹവീടുകളിലും വിശേഷപ്പെട്ട വേളകളിലും ഹട്ടന്‍സ് ഓര്‍ക്കസ്ട്ര ആവേശമുണ്ടാക്കിയ സാന്നിധ്യം കോഴിക്കോടിന്റെ ഓർമ്മകളിൽ ജീവനോടെ ഇന്നുമുണ്ട്.
തമിഴ്‌നാട്ടിലെ വാല്‍പ്പാറയിൽ നിന്ന് 1950-കളില്‍ കോഴിക്കോട്ടെത്തിയ ജിവി ഹട്ടന്‍-ബിയാട്രിസ് ദമ്പതിമാരുടെ എട്ടുമക്കളിൽ ഒരാളാണ്. സ്റ്റാന്‍ലി ഹട്ടന്‍, മെര്‍വിന്‍ ഹട്ടന്‍, ടെഡ്ഡി ഹട്ടന്‍, ഫെഡറിക് ഹട്ടന്‍, പ്രകാശ് ഹട്ടന്‍, റോള്‍സ് ഹട്ടന്‍ എന്നിവർ സഹോദരങ്ങളായിരുന്നു. ലീന ഹട്ടന്‍ ഏകസഹോദരിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam