'ഫാനി' ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

By Web TeamFirst Published Apr 25, 2019, 8:02 AM IST
Highlights

കടലിൽ മീൻ പിടിക്കാൻ പോയവരോട് തിരികെ വരാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിർദ്ദേശം. ശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ നാളെ മുതല്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം. രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകളുണ്ടാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കടലിൽ മീൻ പിടിക്കാൻ പോയവരോട് തിരികെ വരാൻ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. 

ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാൽ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട്  തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.  കടൽ  പ്രക്ഷുബ്ദമോ  അതി പ്രക്ഷുബ്ദമോ  ആകാൻ  സാധ്യതയുള്ളതിനാൽ ആഴ കടലിൽ  മത്സ്യബന്ധനത്തിൽ  ഏർപ്പെട്ടിരിക്കുന്നവർ 26 ന് അതിരാവിലെ 12 മണിക്ക് മുമ്പ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിർദ്ദേശം.  

ഇന്ത്യൻ മഹാ സമുദ്രത്തിന്‍റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കടൽക്ഷോഭത്തിന് കടൽക്ഷോഭത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റർ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 40-50 കിലോമീറ്റർ വേഗത്തിലാകും. 30-ന് ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം തീരത്ത് കടലാക്രമണം രൂക്ഷമാണ്. വലിയതുറയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടൽ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം 10 ലധികം വീടുകളിൽ വെള്ളം കയറി. നാട്ടുകാർ വീട് വിട്ടോടി. തുറമുഖ വകുപ്പിന്‍റെ ഓഫീസ് തിരമാലയിൽ തകർന്നു. 250 മീറ്റർ ദൂരം കരയിലേക്ക് തിരമാലകളെത്തി. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസെത്തി സ്ഥലത്ത് നിന്ന് കൂടുതൽ ആളുകളെ ഒഴിപ്പിച്ചു. വലിയതുറയിൽ കടൽ ഭിത്തിയില്ലാത്തതും അശാസ്ത്രീയമായ പുളിമുട്ട് നിർമ്മാണവുമാണ് സ്ഥിതി മോശമാക്കിയതെന്ന് തീരവാസികൾ ആരോപിച്ചു.

click me!