
ജോധ്പൂർ: സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ മോണാലിസയുടെ തിരോധാന വാർത്തയിൽ നിർണ്ണായക വഴിത്തിരിവ്. മോണാലിസയെ കാണാനില്ലെന്നും താൻ അവരെ തിരഞ്ഞ് ജോധ്പൂരിലെത്തിയെന്നും അവകാശപ്പെട്ട് വീഡിയോയിലിട്ടത് ഫർമാൻ ഖാനല്ലെന്ന് വ്യക്തമായി. രാജസ്ഥാനിലെ ബലോത്ര സ്വദേശിയായ അരവിന്ദ് കുമാർ ജോഷിയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. തനിക്ക് ഫർമാൻ ഖാനുമായി യാതൊരു ബന്ധവുമില്ലെന്നും തമാശയ്ക്കാണ് വീഡിയോ ചെയ്തതെന്നും ഇയാൾ പിന്നീട് വിശദീകരിച്ചു.
കുടുംബത്തിന്റെ പരാതി: മോണാലിസയെ കാണാനില്ലെന്ന് ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. മകളുടെ ഫോൺ ഫർമാൻ തട്ടിയെടുത്തതായും അമ്മ ലതാഭായ് ആരോപിച്ചിരുന്നു. മധ്യപ്രദേശിലെ തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി മെയ് 20 വരെ നീട്ടി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ പ്രണയത്തിലായ ഇവർ മാർച്ച് 11-ന് കേരളത്തിൽ വെച്ചാണ് വിവാഹിതരായത്. വിവാഹ രജിസ്ട്രേഷന്റെ സമയത്ത് മോണാലിസയ്ക്ക് 18 വയസ്സുണ്ടായിരുന്നുവെന്ന് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഓൺലൈനായി പരിശോധിച്ച് ഉറപ്പുവരുത്തിയതായി കേരള പൊലീസ് ഡിജിപിക്ക് റിപ്പോർട്ട് നൽകി. എന്നാൽ മോണാലിസ പ്രായപൂർത്തിയാകാത്തയാളാണെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്ന് മധ്യപ്രദേശിലെ മഹേശ്വർ പോലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും പട്ടികവർഗ കമ്മീഷന്റെയും ഇടപെടലിനെത്തുടർന്നാണ് ഈ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam