
ദില്ലി: കർഷക സമരത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ദില്ലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നത തല യോഗത്തിന് ശേഷം 15 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ അതിർത്തികളിൽ നിയോഗിക്കാൻ തീരുമാനിച്ചു. അതേസമയം ഐറ്റിഒയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കർഷകർ പിരിഞ്ഞുപോവുകയാണ്. പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.
അതേസമയം ദില്ലിയിൽ നടന്ന സംഭവങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ദില്ലിയിലെ സമരം അവസാനിപ്പിച്ച് കർഷകരും സമരക്കാരും അതിർത്തിയിലേക്ക് പിൻവാങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അക്രമം ഉണ്ടാക്കിയവരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ അദ്ദേഹം കർഷക സംഘടനകൾ ട്രാക്ടർ റാലി റദ്ദാക്കിയെന്നും പറഞ്ഞു.
എന്നാൽ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. ക്രമസമാധാന പാലനത്തിനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റേതാണ്. എന്നാൽ അക്കാര്യത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. ആദ്യം സമാധാനപരമായി പ്രതിഷേധിച്ച കർഷകരെ കേന്ദ്രസർക്കാർ പരിഗണിച്ചില്ല. ഒടുവിലാണ് ട്രാക്ടർ റാലി നടത്തേണ്ടി വന്നതെന്നും ശരദ് പവാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam