
തൃശൂർ: ക്ഷേത്ര മുറ്റത്ത് വെച്ച് വളര്‍ത്തുമകളുടെ വിവാഹത്തിന് കൈപിടിച്ച് നല്‍കി (Father George Kannamplackal) ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍. ഫാദേഴ്സ് ഡേയിലെ ഏറ്റവും ഹൃദയസ്പർശിയായ വാർത്തകളിലൊന്നായിരുന്നു ഇത്. തൃശൂര്‍ ജില്ലയിലെ ചെന്നായ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാദർ ജോർജ്ജ് കണ്ണംപ്ലാക്കൽ ആണ് വളർത്തുമകളായ ഹരിതയുടെ വിവാഹം നടത്തിയത്. രണ്ടു വയസു മുതൽ ഈ ആശ്രമത്തിലെ അന്തേവാസികളായിരുന്നു ഹരിതയും അമ്മയും. മാള സെന്‍റ് തോമസ് യുപി സ്കൂളിലാണ് അഞ്ചുമുതല്‍ ഏഴുവരെ ഹരിത പഠിച്ചത്. അവിടെത്തന്നെയാണ് ശിവദാസും പഠിച്ചത്. പിന്നീട് ഇരുവരും പരസ്പരം കണ്ടിരുന്നില്ല.
അടുത്തിടെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമ ഗ്രൂപ്പില്‍ വച്ചാണ് ശിവദാസന്‍ ഹരിതയെ കാണുന്നതും പരിചയം പുതുക്കുന്നതും. തുടര്‍ന്ന് ഹരിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മാതാപിതാക്കള്‍ വഴി ദിവ്യഹൃദയാശ്രമം ഡയറക്ടറായ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കലിനെ അറിയിക്കുകയായിരുന്നു. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും ആഗ്രഹമായിരുന്നു ഫാ. കണ്ണംപ്ലാക്കൽ വിവാഹത്തിന് മുഖ്യ കാര്‍മികനാവണമെന്ന്. വളർത്തുമകളെ കൈപിടിച്ച് ഏൽപിക്കാൻ മുണ്ടും ഷർട്ടും ധരിച്ചാണ് ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കലെത്തിയത്. ഇരുവരുടെയും ആഗ്രഹം പോലെ പിതാവിന്‍റെ സ്ഥാനത്തു നിന്ന് ഹരിതയുടെ കൈപിടിച്ച് ശിവദാസന് നൽകി.
ദുബായിലാണ് ശിവദാസന് ജോലി. ഹരിത അഹമ്മദാബാദില്‍ നഴ്സാണ്.