
ഇടുക്കി: സ്വന്തം മക്കളെ മറയാക്കി മോഷണ കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. ഇടുക്കി കാഞ്ഞാറിലാണ് സംഭവം. മോഷണമടക്കം 13 കേസുകളിലെ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്താണ് പൊലീസ് പിടികൂടുമെന്ന ഘട്ടത്തിൽ വാഹനത്തിൽ മക്കളെ പൂട്ടിയിട്ട് കടന്നുകളഞ്ഞത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുളളിയാണ് ശ്രീജിത്ത്. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കി, കാഞ്ഞാർ പൊലീസിനൊപ്പം കോഴിക്കോടു നിന്നുളള അന്വേഷണ സംഘവും പിൻതുടരുകയായിരുന്നു. വാഹനം തടഞ്ഞുനിർത്തി ഇയാളെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്നാൽ പൊലീസിനെ കണ്ട് ഇയാൾ കാഞ്ഞാർ കാവുംപടിയിലെ ചെറുവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു.
വാഹനം മുന്നോട്ട് പോകാൻ കഴിയാത്ത ഘട്ടത്തിലെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന അഞ്ചിലും മൂന്നിലും പഠിക്കുന്ന പെൺമക്കളെ വാഹനത്തിൽ പൂട്ടിയിട്ട ശേഷം ശ്രീജിത്ത് ഓടിരക്ഷപ്പെട്ടത്. ഭയന്ന കുട്ടികൾ കരച്ചിൽ തുടങ്ങി. ഇതോടെ, കളളനെ പിടികൂടാനുളള ശ്രമം മാറ്റിവച്ച് കുട്ടികളെ രക്ഷിക്കാൻ പൊലീസിറങ്ങി. ശ്രീജിത്തിൻ്റെ ഭാര്യയുടെ നമ്പർ സംഘടിപ്പിച്ച് സ്പെയർ താക്കോലെത്തിച്ച് കുട്ടികളെ പുറത്തിറക്കി.
കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടാൻ ചെല്ലുമ്പോഴായിരുന്നു ശ്രീജിത്തിനെ പൊലീസ് വളഞ്ഞത്. രക്ഷപ്പെടാൻ കുട്ടികളെ ഉപയോഗിച്ച സംഭവത്തെ കുറിച്ച് ജുവനൈൽ ജസ്റ്റീസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകും. പൊലീസിനെ കബളിപ്പിച്ചതിനുൾപ്പെടെ മറ്റൊരു കേസും കാഞ്ഞാർ പൊലീസ് ശ്രീജിത്തിനെതിരെ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ശ്രീജിത്തിന് വേണ്ടി പൊലീസ് തെരച്ചിൽ വ്യാപകമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam