Latest Videos

കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചു

By Web TeamFirst Published Mar 16, 2020, 10:25 AM IST
Highlights

വിദ്യാർത്ഥിനിയുമായി സമ്പർക്കം പുലര്‍ത്തിയിട്ടില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ശവസംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്താനാണ് ആലോചന.

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചു. ചൈനയിൽ നിന്നെത്തി 10 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പത്തനംതിട്ട വല്ലന സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ അച്ഛനാണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇവർ തമ്മിൽ സമ്പർക്കം ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നിരുന്നാലും ശവസംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്താനാണ് ആലോചന.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ള പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇറ്റലിയിൽ നിന്നുള്ള 17 പേർ ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങളിൽ നിന്നായി 726 പേരാണ് വിദേശത്ത് നിന്ന് പത്തനംതിട്ടയിൽ തിരികെ എത്തിയിരിക്കുന്നത്. ഇവര്‍ വീടുകളിൽ നിരീക്ഷണത്തിലാണ്. മൊത്തം 29 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ 1250 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധനകൾ തുടരുകയാണ്. ഇതിനായി 30 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ശബരിമലയിൽ എത്തിയ 4066 അയ്യപ്പഭക്തരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചു. ജില്ലയിൽ നിന്ന് ഇതുവരെ 94 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് ലഭിച്ച ഒമ്പത് പേരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഒന്നര വയസുള്ള കുട്ടിയുടെ അടക്കമുള്ള 9 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ്. ഇതിൽ രോഗലക്ഷണമുള്ള പന്തളം സ്വദേശിയുടെ ഫലം ഇല്ല.

click me!