മൂന്ന് വയസുകാരന്‍റെ പിതാവിനും കൊവിഡ് ബാധ: കൊച്ചിയിലെ 23 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

By Asianet MalayalamFirst Published Mar 13, 2020, 7:19 AM IST
Highlights

കൊച്ചിയില്‍ വിമാനമിറങ്ങിയ കുടുംബത്തിലെ മൂന്ന് വയസുകാരന് പനിയുണ്ടായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഈ സമയം പുറത്ത് മുറിയെടുത്ത് താമസിച്ച പിതാവിനാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. 


കൊച്ചി: കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന 3 വയസുകാരന്‍റെ അച്ഛനും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുമായി സമ്പര്‍ക്കം പുലർത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കി. ഇവരിൽ എത്ര പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തേക്കും. ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏഴാം തീയതിയാണ് മൂന്നു വയസുകാരനും അച്ഛനമ്മമാരും ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് സംവിധാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ കുട്ടിക്ക് പനിയുണ്ടെന്നു വ്യക്തമായി. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. 

കുഞ്ഞിനൊപ്പം അമ്മയെയും ഐസൊലേഷൻ വാർഡിലാക്കി. 3 വയസ് മാത്രം പ്രായമുള്ള കുഞ്ഞായതിനാലാണ് അമ്മയെയും ഐസൊലേഷൻ വാർഡിൽ ഒപ്പം നിർത്തിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും കുട്ടിക്ക് കൊവിഡ് സ്‌ഥിരീകരിക്കാത്തതിനാലുമാണ് അച്ഛനെ വിട്ടയച്ചതെന്നാണ് വിശദീകരണം. അച്ഛൻ പുറത്ത് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ആശുപത്രിയിൽ വന്നുപോവുകയും ചെയ്തു.

മാര്‍ച്ച് ഒൻപതിന് കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് അച്ഛനെ ഐസൊലേഷൻ വാർഡിലാക്കിയത്. പിന്നീട് ഇയാൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പർക്ക പട്ടിക തയ്യാറാക്കിയത്. പുറത്തുണ്ടായിരുന്ന രണ്ടു ദിവസം ഇയാൾ പോയ ആശുപത്രി പരിസരത്തെ കാന്റീനിലെ ജീവനക്കാർ, സിം കാർഡിനായി പോയ കടയിലെ ജീവനക്കാർ ,ടാക്‌സി ഡ്രൈവർ എന്നിവരൊക്കെ പട്ടികയിൽ ഉണ്ട്. 

അച്ഛനെ ഐസോലേഷൻ വാർഡിലാക്കുന്ന കാര്യത്തിൽ വിഴ്ചയുണ്ടായിട്ടില്ലെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാ ദിവസവും ബന്ധപ്പെടുന്നുണ്ടെന്ന് ഡിഎംഒ പറഞ്ഞു. മൂന്നു വയസ്സുകാരനും അച്ഛനനമ്മമാരും അടക്കം 37 പേരാണ് എറണാകുളം ജില്ലയിൽ നിലവിൽ ഐസൊലേഷൻ വാർഡുകളിലുള്ളത്.

click me!