
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക. ഡയറക്ട്ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് ഇരു യൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകി.
ലൈംഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നൽകിയിട്ടില്ല. സിനിമയിൽ ഐസിസി ഉണ്ട്. എന്നാൽ ഐസിസിക്കും നടി പരാതി നൽകിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കാരവാനിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ടെന്നാണ് യുവനടിയുടെ പരാതി.
സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ് ആണ്. നേരത്തെ സമാനമായ രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ൽ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. 2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു. 'ബാവുട്ടിയുടെ നാമത്തിൽ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam