
തിരുവനന്തപുരം: വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സമരമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ അവസാനിപ്പിച്ചത്. ഹാള്‍ ടിക്കറ്റും റാങ്ക് പട്ടികയും കത്തിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
സമരം അവസാനിപ്പിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ട ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ തുറന്നടിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. സിപിഎം നേതാവ് പികെ ശ്രീമതി പറഞ്ഞത് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദുര്‍വാശിയാണെന്നും അവകാശപ്പെട്ട ജോലി ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ തുറന്നടിച്ചു.
ദയവുചെയ്ത് ഇത്തരം വാക്കുകൾ കൊണ്ട് കൊല്ലാക്കൊല ചെയ്യരുതെന്നും സമരത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും ഞങ്ങള്‍ മാത്രമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിൽ നിന്നും മുക്തി നേടിയെന്നാണ് ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി പറഞ്ഞത്. സർക്കാറിന്‍റെ വാർഷികം ആഘോഷിക്കാൻ കോടികൾ പൊടിപൊടിക്കുകയാണ്. സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാനും ഇവിടെ പണമുണ്ട്. തെരുവിൽ കിടന്നിട്ട് മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നു.
18 ദിവസം സെക്രട്ടറിയേറ്റിന്‍റെ മുന്നിൽ കിടന്നിട്ട് ഒരു ഇടതു വനിത നേതാവ് പോലും തിരിഞ്ഞു നോക്കിയില്ല. കഞ്ഞിയും അവിലും കഴിച്ചാണ് സമരം ചെയ്തത്. പെൺകുട്ടികൾ തെരുവിൽ കിടന്ന് ഉറങ്ങിയിട്ടും തിരിഞ്ഞു നോക്കിയില്ല. ഒരു ഇടതു യുവജന നേതാവും പരാതി പറഞ്ഞിട്ട് സഹായിച്ചില്ല. സിപിഒ അല്ലാതെ ആര്‍പിഎഫിൽ ശ്രമിച്ചൂടെ എന്നാണ് ചോദിച്ചത്.
മീൻ വിൽക്കാൻ പൊയ്ക്കൂടേ അല്ലെങ്കിൽ പ്രൈവറ്റ് ജോലി നോക്കിക്കൂടെ എന്നാണ് ഒരു മന്ത്രി ചോദിച്ചത്. ഇനി ഭരണം കിട്ടിയാലും ആരെയും പറഞ്ഞു പറ്റിക്കരുത്. ആത്മാഹുതി ചെയ്താലും പാർട്ടിക്ക് അതൊരു പ്രശ്നം അല്ലെന്നുമാണ് എകെജി സെന്ററിൽ ആവശ്യം അറിയിക്കാൻ പോയപ്പോൾ നേതാവ് പറഞ്ഞത്. ഒരു സിപിഎം നേതാവും സമരപന്തലിൽ വന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam