
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 2 ദിവസം വിതുര താലൂക്കാശുപത്രിയിലും ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി. രണ്ടാഴ്ച്ചയിലധികമായി ഒട്ടും കുറയാതെ സംസ്ഥാനത്തെ പനിയും പകർച്ച വ്യാധികളും തുടരുകയാണ്.
ജൂൺ 13 മുതൽ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളിൽ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേർക്കാണ്. ചിക്കൻപോക്സും വ്യാപിക്കുകയാണ്. ജൂൺ 13ന് പ്രതിദിനം പനിബാധിതരുടെ എണ്ണം 10,000ന് മുകളിലെത്തുമ്പോൾ എച്ച്1എൻ1 എന്ന കോളം പോലും കണക്കുകളിൽ ഉണ്ടായിരുന്നില്ല. അന്ന് കണക്കുകളിൽ പോലും ഇല്ലാതിരുന്ന H1N1 വ്യാപനം കുത്തനെ കൂടി. ഒരാഴ്ച്ചയ്ക്കിടെ 37 പേർക്കാണ് H1N1 സ്ഥിരീകരിച്ചത്. 1 മരണം സ്ഥിരീകരിച്ചു.
2 മരണം H1N1 കാരണമാണെന്ന് സംശയിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ സ്കൂൾ വിദ്യാർത്ഥിയുൾപ്പടെ മരിച്ചത് എച്ച്1എൻ1 കാരണം. ഈ വർഷത്തെ പനിമരണങ്ങളിൽ എച്ച്.1.എൻ.1 എലിപ്പനിക്ക് പിന്നിൽ രണ്ടാമതെത്തി. എലിപ്പനി 32ഉം എച്ച്1എൻ1 23ഉം നാടാകെ പടരുന്ന തരത്തിലാണ് ചിക്കൻ പോക്സും ഒപ്പമുള്ളത്. 378 പേർക്കാണ് ഒരാഴ്ച്ചയ്ക്കിടെ ചിക്കൻ പോക്സ്. വൈകിപ്പോയെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞയാഴ്ച്ച മുതൽ സമൂഹ ഡ്രൈ ഡേ ആചരണം ഉൾപ്പടെ നടത്തി. പക്ഷെ, ഡെങ്കിപ്പനിയുടെ വ്യാപനം ഇനിയും പിടിച്ചുകെട്ടാൻ കഴിഞ്ഞിട്ടില്ല.
ഗുരുതരമാകുന്ന കേസുകളിൽ നല്ല പങ്കും ഡെങ്കിപ്പനിയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് 89,453 പേർക്കാണ്. 23 മരണം പനി മരണമാണെന്ന് സംശയിക്കുന്നു. 10 മരണം മാത്രമാണ് സ്ഥിരീകരിച്ച് ഔദ്യോഗിക പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന കെ.ജി.എം.ഒ.എയുടെ ആവശ്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam