
ദില്ലി/തിരുവനന്തപുരം: കെപിസിസി (KPCC) ഭാരവാഹി പട്ടികയിലെ തർക്കം പരിഹരിക്കാൻ ഇന്ന് മുതൽ വീണ്ടും ചർച്ചകൾ നടക്കും. രണ്ട് മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് കെ സി വേണുഗോപാൽ ( K C Venugopal) അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. എന്നാൽ വനിതകൾക്ക് വേണ്ടി മാത്രമേ മാർഗ്ഗ നിർദേശങ്ങളിൽ ഇളവ് നൽകാവൂ എന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ.
എം പി വിൻസെൻ്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിലാണ് തർക്കം നിലനിൽക്കുന്നത്. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. തർക്കം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ശ്രം തുടരുകയാണ്. മുതിർന്ന നേതാക്കളെ കണ്ട് അനുനയിപ്പിക്കാനാണ് നീക്കം.
തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും, മുല്ലപ്പള്ളിക്കും, ഹസനും പരാതി ഉണ്ട്. ഭാരവാഹി പട്ടികയിൽ കെ ജയന്തിനെ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി രാഹുൽഗാന്ധിക്ക് കേരളത്തിൽ നേതാക്കളിൽ ചിലർ പരാതി നൽകിയിട്ടുമുണ്ട്.
ബിഹാറിൽ ഉള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തിരികെ ദില്ലിയിലെത്തുമ്പോൾ പട്ടിക കൈമാറുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ അവകാശവാദം.
പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനസംഘടന ചർച്ചകള്‍ നേതൃത്വം പൂർത്തിയാക്കിയതെന്ന് ഇതുവരെ ആശ്വസിച്ചിരുന്ന നേതാക്കൾക്ക് തിരിച്ചടിയാവുകയാണ് മുല്ലപ്പള്ളിയുടെയും സുധീരന്റെയും എതിർപ്പ്. ഡിസിസി പട്ടികയിലെ വിമർശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകും.
പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. എറണാകുളത്ത് നിന്നുള്ള ജമാൽ മണക്കാടന്റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികള്‍ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam