
കൊല്ലം: കൊല്ലം (Kollam) കൊട്ടാരക്കര പുത്തൂരിൽ ഓവർ ടേക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കൂട്ടത്തല്ലില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും യാത്ര ചെയ്ത കാർ ഒരു ബൈക്കിനെ ഓവർ ടേക്ക് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ബൈക്കിൽ സഞ്ചരിച്ചിരുന്ന ജിബിൻ, ജിനു ജോൺ എന്നീ യുവാക്കൾ കാറിനെ പിന്തുടർന്ന് ചീത്തവിളിക്കുകയും കയ്യിലുണ്ടായിരുന്ന കമ്പി കൊണ്ട് കാറിൽ അടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. പുത്തൂർ ജംഗ്ഷനിൽ വാഹനം നിർത്തി യുവാക്കളുടെ നടപടി ചോദ്യം ചെയ്ത സുഗുണനാണ് ആദ്യം മർദ്ദനമേറ്റത്. അച്ഛന് മർദ്ദനമേറ്റത് കണ്ട് മകൻ അമൽ പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ കൂട്ടത്തല്ലായി. അമലിന്റെ തല യുവാക്കളിലൊരാൾ ഹെൽമറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു.
സംഘർഷത്തിന് ഇടയിൽ പെട്ട സുഗുണന്റെ ഭാര്യ പ്രിയയ്ക്കും പരുക്കേറ്റു. അമൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികരായ യുവാക്കൾക്കെതിരെ കേസെടുക്കുമെന്ന് പുത്തൂർ പൊലീസ് അറിയിച്ചു.
അടി, ചവിട്ട്, അസഭ്യം ; കൊല്ലത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം , ദൃശ്യങ്ങൾ പുറത്ത്
കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. മദ്യലഹരിയിലായ മകനില്‍ നിന്ന് മൃഗീയ മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടും മകനെതിരെ കേസെടുക്കരുതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. മര്‍ദന ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മകനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
84 വയസുളള ഓമനയെയാണ് സ്വന്തം മകന്‍ ഓമനക്കുട്ടന്‍ അതി ക്രൂരമായി ക്രൂര മര്‍ദ്ദിച്ചത്. കൈകൊണ്ട് പൊതിരെ തല്ലി, കമ്പു കൊണ്ട് അടിച്ചു, കുത്തി. കരഞ്ഞു നിലവിളിയ്ക്കുന്ന അമ്മയുടെ കൈകള്‍ തിരിച്ചൊടിക്കാന്‍ മകന്‍ ശ്രമിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. അമ്മയെ രക്ഷിക്കാനെത്തിയ മറ്റൊരു മകന്‍ ബാബുവിനെയും ഓമക്കുട്ടന്‍ തല്ലിയോടിച്ചു. മദ്യലഹരിയില്‍ ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ കൊണ്ടുവന്ന് വച്ച പണം അമ്മ എടുത്ത് മാറ്റിയെന്ന് പറഞ്ഞായിരുന്നു ഇന്നലത്തെ മര്‍ദ്ദനം. അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് ഇന്നലെ വൈകുന്നേരം അരങ്ങേറിയ ക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തു.
എന്നാല്‍, മകന് ആരോ മദ്യം നല്‍കിയപ്പോള്‍ നിയന്ത്രണം വിട്ടതാകാമെന്നും മകന്‍ തന്നെ ഒരു അടി മാത്രമാണ് അടിച്ചതെന്നുമുളള മൊഴിയാണ് പൊലീസിന് ഓമനയമ്മ നല്‍കിയത്. മകനെതിരെ കേസെടുക്കരുതെന്നും ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് അമ്മ ആവശ്യപ്പെട്ടു.
മകനെ തളളിപ്പറയാന്‍ അമ്മ തയാറായില്ലെങ്കിലും ദൃശ്യങ്ങളും ഓമനയുടെ ശരീരത്തിലെ പരിക്കുകളും കണക്കിലെടുത്ത് അക്രമിയായ ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസ് ചുമത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam