മദ്യവില വർധനയിൽ അഴിമതിയെന്ന് ചെന്നിത്തല, നിഷേധിച്ച് എക്സൈസ് മന്ത്രി, പ്രതിപക്ഷം പരിഹാസ്യരാവുന്നതായി പിണറായി

By Web TeamFirst Published Jan 14, 2021, 4:29 PM IST
Highlights

മദ്യവില വർധനയുമായി ബന്ധപ്പെട്ട ചർച്ചകൾ എകെജി സെൻ്റർ കേന്ദ്രീകരിച്ചാണ് നടന്നതെന്നും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം കിട്ടാൻ വേണ്ടി മാത്രമാണ് മദ്യകമ്പനികൾക്ക് വൻലാഭമുണ്ടാക്കുന്ന തരത്തിൽ മദ്യവില വർധിപ്പിച്ചതെന്നും ചെന്നിത്തല.

തിരുവനന്തപുരം: മദ്യവില വർധിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ തീരുമാനത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഏറ്റുമുട്ടി. ഇന്ത്യയിലെ കുത്തക മദ്യകമ്പനികളെ സഹായിക്കാനാണ് ഇപ്പോൾ തിരക്കിട്ട് മദ്യവില വർധിപ്പിക്കുന്നതെന്നും കേരള സംസ്ഥാനത്തിൻ്റെ അടിയന്തര ആവശ്യമല്ലാഞ്ഞിട്ടും മദ്യവില കൂട്ടാൻ കാരണം എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ട് പണം സമാഹരിക്കാനാണെന്നും നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

ഇപ്പോൾ നടപ്പാക്കുന്ന മദ്യവില വർധനയുമായി ബന്ധപ്പെട്ട ചർച്ചകൾ എകെജി സെൻ്റർ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും 14 ശതമാനം വില വർധനയാണ് ഈ സർക്കാരിൻ്റെ കാലത്ത് മദ്യത്തിനുണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ ചെന്നിത്തല ആരോപണം അടിസ്ഥാന രഹിതമാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി. 

സ്പിരിറ്റിന് കാര്യമായി വില കൂടിയതിനെ തുടർന്ന് ഏറെക്കാലമായി മദ്യകമ്പനികൾ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും ഒരു കുപ്പി മദ്യത്തിന് 40 രൂപ ഒരു വർദ്ധിപ്പിച്ചാൽ 35 രൂപ സർക്കാരിനും ലഭിക്കും ഒരു രൂപ ബെവ്കോയ്ക്കും 4 രൂപ മദ്യ കമ്പനിക്കുമാണ് ലഭിക്കുകയെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

എക്സൈസ് മന്ത്രിയുടെ മറുപടിക്ക് പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷത്തിന് നേരെ ഉയർത്തിയത്. കുംഭകോണങ്ങളുടെ കുംഭമേള നടത്തിയാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞതെന്നും ഈ സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഭാവന സൃഷ്ടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നിത്തല നിയമസഭയിൽ പറഞ്ഞത് - 

ഇന്ത്യയിലെ കുത്തക മദ്യ കമ്പനികളെ സഹായിക്കാനാണ് മദ്യത്തിന് ഏഴ് ശതമാനം വിലവർധന ആവശ്യപ്പെട്ട് ബെവ്കോ എംഡി കത്ത് നൽകിയത്.  120 കോടി രൂപയുടെ അധിക വരുമാനം മദ്യ മുതലാളിമാർക്ക് ലഭിക്കാനാണ് നീക്കം. മദ്യവില വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ എകെജി സെൻ്ററിലാണ് നടന്നത്. നൂറ് കോടിയിലധികം രൂപയുടെ അഴിമതി ഇതിൻ്റെ പേരിൽ നടന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഫണ്ട് റൈസിംഗിനായാണ് മദ്യവില വർധിപ്പിച്ചത്. ഈ സർക്കാർ വന്ന ശേഷം 14 % വർദ്ധനവാണ് മദ്യത്തിനുണ്ടാകുന്നത്. മുഖ്യമന്ത്രിക്ക് ഇതിലുള്ള പങ്കെന്താണെന്ന് വ്യക്തമാക്കണം. കേരളത്തിൻ്റെ അടിയന്തര ആവശ്യമല്ല മദ്യ വില വർധന എന്നിരിക്കേ എന്തിനാണ് തിടുക്കപ്പെട്ട് മദ്യത്തിന് വില കൂട്ടിയത്. 

എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ മറുപടി

മദ്യത്തിൻ്റെ വില നിശ്ചയിക്കുന്നത് ബിവറേജസ് ബോർഡാണ്. മദ്യത്തിൻ്റെ വില വിവിധ ഘട്ടത്തിൽ കൂട്ടിയിട്ടുണ്ട്. സ്പിരിറ്റിൻ്റെ വില കഴിഞ്ഞ മാസങ്ങളിലായി 10 മുതൽ 22 ശതമാനം വരെ കൂടിയിട്ടുണ്ട്. 113 ടെണ്ടറുകളാണ് മദ്യ കമ്പനിയിൽ നിന്നും ലഭിച്ചത്. ഇതിൽ നിന്നും 11 കമ്പനികളെ തെരെഞ്ഞെടുത്തു.  20% വർദ്ധനവാണ് കമ്പനികൾ അവശ്യപ്പെട്ടത്. മൂന്നു വർഷം മുമ്പാണ് അവസാനമായി മദ്യത്തിന് വില വർദ്ധിപ്പിച്ചത്. 

എക്സൈസ് മന്ത്രിയെന്ന നിലയിൽ ഒരു മദ്യ കമ്പനിയും എന്നെ വന്നു കണ്ടിട്ടില്ല. മദ്യവില വർധന നടപ്പാക്കുന്നതോടെ 957 കോടി രൂപ സർക്കാരിനും 9 കോടി ബെവ്കോയ്ക്കും അധികമായി ലഭിക്കും.  അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയാൽ വില വർദ്ധിപ്പിക്കേണ്ടി വരും. 

നല്ല അസംസ്കൃത വസ്തുകൾ ഉത്പാദനത്തിനായി ഉപയോഗിച്ചില്ലെങ്കിൽ വ്യാജ മദ്യമായിരിക്കും ലഭിക്കുക. വികസന പ്രവർത്തനങ്ങൾക്ക് കോട്ടം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 40 രൂപ ഒരു വർദ്ധിപ്പിച്ചാൽ 35 രൂപ സർക്കാരിനും ലഭിക്കും ഒരു രൂപ ബെവ്കോയ്ക്കും 4 രൂപ മദ്യ കമ്പനിക്കും ലഭിക്കും. 

മദ്യത്തിന് വില വർധിപ്പിക്കണമെന്ന് മദ്യകമ്പനികൾ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മദ്യവില വർധിപ്പിക്കുന്നത്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുടെ പട്ടികയിൽ ഇപ്പോഴത്തെ മന്ത്രിമാരെപ്പെടുത്തരുത്. പ്രതിപക്ഷ നേതാവിൻ്റെ ആരോപണം തള്ളിക്കളയുകയാണ്. യുഡിഎഫിൻ്റെ കാലത്തും മദ്യത്തിന് ആറ് ശതമാനം വില വർധിപ്പിച്ചിട്ടുണ്ട്. 

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി നൽകിയ മറുപടി 

അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് പ്രതിപക്ഷം പരിഹാസ്യരാവുകയാണ്. ഗൗരവമായി പ്രശ്നങ്ങളെ സമീപിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പുകമറകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുംഭകോണങ്ങളുടെ കുംഭമേളയുമായാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞത്. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഭാവന സൃഷ്ടി മാത്രമാണ്. പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കാൻ അങ്ങേ അറ്റത്തെ ശുഷ്കാന്തി ഇടതുപക്ഷ സർക്കാർ കാണിച്ചിട്ടുണ്ട്. 2016-17 ൽ 7.8% ശതമാനമായിരുന്നു ഉത്പാദന മേഖലയിലെ വളർച്ച  നോട്ട് നിരോധനം വന്നിട്ടും 9% ആയി വളർച്ചാ നിരക്ക് ഉയർത്താനായി. സ്വന്തം തകർച്ചക്ക് ഉത്തരവാദി ആരെന്ന് കണ്ടെത്താനെങ്കിലും പ്രതിപക്ഷം ശ്രമിക്കണം.

സർക്കാരിനെ വിമർശിച്ച് ചെന്നിത്തല പറഞ്ഞത് - 

ഭാസ്കര പട്ടേലരും തൊമ്മിമാരും എന്ന നിലയിലാണ് മന്ത്രിസഭ പ്രവർത്തിക്കുന്നത്. തിരിച്ചൊരു മറുപടി പോലും പറയാൻ തൊമ്മിമ്മാർക്ക് കഴിയുന്നില്ല. മന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ നിയമസഭയിൽ ഉള്ളത്. നയപ്രഖ്യാപനത്തിൽ പറഞ്ഞ ഒരു കാര്യവും നടപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ല. നാല് തവണ ഗവർണർ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴത്തെ നയപ്രഖ്യാപനത്തിലും പറയുന്നത്. ജനങ്ങളെ പറ്റിക്കുന്നതിന് പരിധിയുണ്ട്. അഞ്ചു വർഷം കേരളത്തിന് പാഴായി. കേരളത്തിന് നേട്ടമാവുന്ന ഒരു വൻകിട പദ്ധതിയും നടപ്പാക്കാൻ ഈ സർക്കാരിന് കഴിഞ്ഞില്ല. വൈറ്റില്ല - കുണ്ടന്നൂർ മേൽപ്പാലം യുഡിഎഫ് തുടങ്ങിയതാണ്. യുഡിഎഫ് സർക്കാർ അധികാരമൊഴിയും മുൻപേ തന്നെ പദ്ധതിക്ക് ഭരണാനുമതി നൽകി. 

കേരളം ഏറെ പ്രതീക്ഷ വച്ച വിഴിഞ്ഞം പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. 2019 ൽ പൂർത്തിയാകേണ്ടതായിരുന്നു ഈ പ്രൊജ്ക്ട്. പദ്ധതിയുടെ ചുമതലയുള്ള പാവം തുറമുഖ മന്ത്രിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല. ഭൂമിക്കടയിലെ ബോംബാണെന്ന് പറഞ്ഞ് ഗെയിൽ പദ്ധതിയെ അട്ടിമറിച്ചത് ആരാണ്? 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയം നേരിട്ടപ്പോൾ ഇരുകവിളത്തും അടി കിട്ടിയെന്ന് ഞങ്ങളാരും പറഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വർഗീയത ഇളക്കിവിട്ടു. മുഖ്യമന്ത്രി കസേരയിലിരുന്ന് പിണറായി വിജയൻ മുസ്ലീം ലീഗിനെ വർഗീയമായി ചിത്രീകരിക്കുകയാണ്. കേരളത്തിലെ മതസൗഹാർദ്ദം നിലനിർത്താൻ ശ്രമിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. കേരളത്തിൽ ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല മുതൽ അതു നമ്മൾ കണ്ടതാണ്. 
 

click me!