ഒടുവിൽ അറിയിപ്പുമായി സർക്കാർ, ചൂരൽമല വീട് നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും; അടിസ്ഥാന സൗകര്യങ്ങൾ നവംബർ 15നകം സജ്ജമാക്കും

Published : Oct 01, 2026, 05:44 AM IST
wayanad township

Synopsis

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31-നകം പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. വീടുകൾ വൈകുന്നതിലെ പ്രതിഷേധത്തെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. കർഷകർക്കും വ്യാപാരികൾക്കുമുള്ള നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കാനും മന്ത്രിതല സമിതി നിർദേശിച്ചു.

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കുമെന്ന് സർക്കാർ. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. വീടുകൾ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും.

കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഡിഡിഎംഎ യ്ക്ക് നിർദേശം നൽകി. കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തിൽ കൈമാറും. ദുരന്തബാധിത കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തിയ സ്മാർട്ട് കാർഡ് വിതരണം അടിയന്തരമായി പൂർത്തിയാക്കും. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. ദുരന്ത ബാധിതർ ടൗൺഷിപ്പിൽ എത്തിയാണ് പ്രതിഷേധിച്ചത്. സെപ്റ്റംബർ അവസാനം വീടുകൾ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെ നറുക്കെടുപ്പ് പോലും നടത്തിയിട്ടില്ല. ഇതോടെയാണ് അതിജീവിതർ പ്രതിഷേധവുമായി എത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫ്ലൈഓവറും പുതിയ ബൈപ്പാസുകളും, കേരളത്തിലെ റോഡ് വികസനത്തിന് മാസ്റ്റർ പ്ലാൻ; പഠനത്തിനായി പ്രത്യേക സമിതിയെ നിയോ​ഗിച്ച് മന്ത്രി പി കെ ബഷീർ
മാരാർജി ഭവന് വേരെ നേരെ ബിയർ കുപ്പി എറിഞ്ഞു; കോൺ​ഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ബിജെപി