
തിരുവനന്തപുരം: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയ കാന്‍സര്‍ രോഗിയായ തിരുവനന്തപുരം സ്വദേശി ഇന്ദിരക്ക് ഒടുവില്‍ സഹായമെത്തി. വിഷയത്തില്‍ ഇടപെട്ട നഗരസഭ ഇന്ദിരക്ക് സഹായമെത്തിക്കുമെന്ന് ഉറപ്പ് നല്‍കി, തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഇന്ദിരയെ സന്ദര്‍ശിച്ചു. എല്ലാ സഹായങ്ങളും എത്തിക്കുെമന്ന് ഉറപ്പ് നല്‍കി. ഫ്ലാറ്റിന്‍റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്നും തുടര്‍ചികിത്സ ഉറപ്പാക്കുെമെന്നും നഗര സഭ പറഞ്ഞു. മഴ മാറിയാല്‍ ആദ്യ പരിഗണനയായി പണി പൂര്‍ത്തിയാക്കും. തുടര്‍ന്നും ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നാട്ടുകാര്‍ ഇവര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കുകയും വീട് വൃത്തിയാക്കി നല്‍കുമെന്ന് പറയുകയും ചെയ്തിരുന്നു.
രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തുടർന്ന് വലിയ ദുരിതമാണ് കണ്ണമ്മൂലയിലെ ബണ്ട് കോളനി നിവാസികൾക്ക് നേരിടേണ്ടി വന്നത്. പുലർച്ചെയോടെ വെള്ളമിറങ്ങിയെങ്കിലും വെള്ളം കയറിയ വീടിനുള്ളിലെ വീട്ടുപകരണങ്ങൾ എല്ലാം ചെളി കയറി നാശമായ അവസ്ഥയിലാണുള്ളത്. സഹായിക്കാൻ ആരോരുമില്ലാതെ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കാൻസർ രോഗിയായ ഇന്ദിര എന്ന വീട്ടമ്മ. ആരുമില്ല, ഒന്ന് വൃത്തിയാക്കി തരുമോ എന്നായിരുന്നു ഇന്ദിര ചോദിച്ചത്.
ഇവർ രണ്ട് ദിവസമായി ഭക്ഷണം പോലും കഴിച്ചിട്ടുണ്ടായിരുന്നില്ല. ഇവരുടെ വീട് മേൽക്കൂര ചോർന്നൊലിച്ച് വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ആരോട് പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഇവർ. രാവിലെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉടനടി നാട്ടുകാർ ഇവർക്ക് ഭക്ഷണമുൾപ്പെടെ എത്തിച്ചു നൽകി. വീട് വൃത്തിയാക്കുന്ന കാര്യവും നാട്ടുകാർ ഏറ്റെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam