ഇനി ആറ് കുട്ടികൾ കൂടിയാൽ പുതിയ തസ്തിക: അധ്യാപക നിയമനത്തിന് പുതിയ നിർദ്ദേശവുമായി ധനവകുപ്പ്

By Web TeamFirst Published Feb 13, 2020, 9:06 AM IST
Highlights

മുൻകൂർ അനുമതി വേണമെന്നതല്ലാതെ മാനേജർമാരുടെ നിയമനാധികാരം മാറ്റാത്തതിനാൽ കെഇആറിൽ കൊണ്ടുവരാൻ പോകുന്ന ഭേദഗതി കോടതി ചോദ്യം ചെയ്യാനിടയില്ലന്നാണ് സർക്കാർ കണക്ക് കൂട്ടൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരുടെ തസ്തിക നിർണ്ണയത്തിന് പുതിയ നിർദേശവുമായി സംസ്ഥാന ധനവകുപ്പ്. ഇനി മുതൽ ആറ് കുട്ടികൾ കൂടിയാൽ മാത്രം രണ്ടാം തസ്തിക മതിയെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഇതോടെ ഒരു കുട്ടി കൂടിയാൽ പുതിയ തസ്തിക എന്ന രീതി മാറും.

സംസ്ഥാനത്തെ എൽ പി സ്കൂളിലെ 30 വിദ്യാർത്ഥികൾക്ക് ഒരധ്യാപകൻ എന്ന അനുപാതമാണ് പിന്തുടരുന്നത്. ഒരു വിദ്യാർത്ഥി അധികമായാൽ രണ്ടാമത്തെ അധ്യാപകനെ നിയമിക്കുന്ന രീതിയായിരുന്നു നിലവിൽ. ഇതാണ് മാറുന്നത്. വിദ്യാർത്ഥി-അധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാർത്ഥികൾ വേണമെന്ന നിബന്ധന വരും.

അതേസമയം സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ നിയമവഴി തേടാനുള്ള തീരുമാനത്തിലാണ് മാനേജ്മെന്റുകൾ. മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാരുള്ളത്. കോടതിയില്‍ പോയാല്‍ മാനേജ്മെന്‍റുകള്‍ക്ക് ഇക്കാര്യം വ്യക്തമാക്കുമെന്നും കേരള വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക് ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 

മുൻകൂർ അനുമതി വേണമെന്നതല്ലാതെ മാനേജർമാരുടെ നിയമനാധികാരം മാറ്റാത്തതിനാൽ കെഇആറിൽ കൊണ്ടുവരാൻ പോകുന്ന ഭേദഗതി കോടതി ചോദ്യം ചെയ്യാനിടയില്ലന്നാണ് സർക്കാർ കണക്ക് കൂട്ടൽ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി ബില്ലായികൊണ്ടുവരാനാണ് ശ്രമം. അതിനിടെ കുട്ടികളുടെ ആധാർ വിവരങ്ങളിലെ പൊരുത്തക്കേടിൽ സർക്കാർ കൂടുതൽ പരിശോധന നടത്തും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 1.13 ലക്ഷം കുട്ടികളുടെ ആധാറിൽ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ വർഷം 1.38 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കൂടിയത് വൻ നേട്ടമായി സർക്കാർ അവകാശപ്പെടുമ്പോഴാണ് കണക്കിലെ പ്രശ്നം വരുന്നത്.

എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് പിറണായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിലാണ് നിര്‍ദ്ദേശമുണ്ടായത്. പരിശോധനയോ സർക്കാരിന്‍റെ  അറിവോ ഇല്ലാതെ,  18,119 തസ്തികകള്‍  സർക്കാർ-എയ്ഡഡ് സ്കൂളുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും 13,255 പേര്‍ പ്രൊട്ടക്ടഡ്  അധ്യാപകരായി തുടരുന്നുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ലെങ്കിലും ഇനിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദ്ദേശത്തിന് പിന്നാലെയാണ് വിവിധ എയ്ഡഡ് മാനേജ്മെന്‍റുകള്‍ രംഗത്തെത്തിയത്. 

click me!