ജല വിഭവ വകുപ്പ് വഴങ്ങി: പദ്ധതികളുടെ പരിശോധന കിഫ്ബി സാങ്കേതിക സമിതിക്ക് മാത്രം, ഉത്തരവായി

By Web TeamFirst Published Apr 19, 2020, 2:21 PM IST
Highlights

കിഫ്ബി പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ സാങ്കേതികസമിതി മാത്രം പരിശോധന നടത്തിയാൽ മതിയെന്നാണ് ധനവകുപ്പിന്‍റെ ഉത്തരവ്. ഇതിനെ ജലവകുപ്പ് ശക്തമായി എതി‍ർത്തതാണ്. 

തിരുവനന്തപുരം: കിഫ് ബിക്ക് കീഴിൽ ജല അതോറിട്ടി നടപ്പിലാക്കുന്ന പദ്ധതികളിൽ ജല വിഭവ വകുപ്പ് ഇൻസ്പെക്ഷൻ ടീം പരിശോധന നടത്തണമെന്ന ഉത്തരവ് റദ്ദാക്കി. കിഫ്ബിയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 16 നാണ് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഇത് സംബന്ധിച്ച ഉത്തരവ് ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് നൽകിയത്.

കിഫ്ബിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് ജല വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കിഫ്ബി പദ്ധതികളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധന ധനവകുപ്പ് വിലക്കിയിരുന്നു. ഇതേ ചൊല്ലി ജലവിഭവവകുപ്പും കിഫ്ബിയും തമ്മിലെ തർക്കം വാർത്തയായിരുന്നു. കിഫ്ബി വായ്പ വഴി ജലവിഭവ വകുപ്പ് നടത്തുന്ന 22 കോടിയുടെ പദ്ധതിയിലെ പരിശോധനയെ ചൊല്ലിയായിരുന്നു തർക്കം. ജലവിഭവവകുപ്പ് നാല് ഉദ്യോഗസ്ഥരെടങ്ങുന്ന സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ഇതിനെ കിഫ്ബി സിഇഒ കെ എം എബ്രഹാം ശക്തമായി എതിർത്തു. കിഫ്ബി പദ്ധതികളുടെ പരിശോധന അധികാരം കിഫ്ബിയുടെ സാങ്കേതിക സമിതിക്ക് മാത്രമാണെന്ന് ചൂണ്ടികാട്ടി കെ.എം എബ്രഹാം ജലവിഭവകുപ്പ് മന്ത്രിക്ക് കത്ത് നൽകി. 

എന്നിട്ടും ഉത്തരവ് ജലവിഭവവകുപ്പ് ഉത്തരവ് തിരുത്താതിനെ തുടർന്ന് കിഫ്ബി വായ്പ നൽകുന്നത് തന്നെ നിർത്തിവച്ചു. പരിശോധനയ്ക്കുള്ള അധികാരം വായ്പ നൽകുന്ന ഏജൻസിയിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നതിൽ മറ്റ് വകുപ്പ് മേധാവിമാരും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് കിഫ്ബി സിഇഒയുടെ വാദങ്ങളെ ന്യായീകരിച്ച് ധനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിന് ജലവിഭവ വകുപ്പ് വഴങ്ങുകയായിരുന്നു.

കിഫ്ബിയിലെ സാങ്കേതിക സമിതിക്കും, ഭരണ നിർവ്വഹണ പരിശോധനാ വിഭാഗത്തിനും മാത്രമായിരിക്കും ഇനി മുതൽ എല്ലാ പദ്ധതികളും പരിശോധിക്കാനുള്ള അധികാരമെന്നാണ് ഉത്തരവ്. അതായത് മറ്റ് വകുപ്പുകളുടെ പരിശോധനക്ക് അടക്കം വിലക്കുണ്ട്. കിഫ്ബി നിയമത്തിലെ ചട്ടം 17 പ്രകാരം സർക്കാർ നിയോഗിക്കുന്ന ഏത് ഏജൻസിക്കും പരിശോധന നടത്താനുള്ള അധികാരമുണ്ട്. ജലവിഭവ വകുപ്പ് വഴങ്ങിയെങ്കിലും പരിശോധനക്കുള്ള അധികാരം കിഫ്ബിക്കു മാത്രം നൽകുന്ന ഉത്തരവിനെതിരെ മറ്റ് വകുപ്പുകള്‍ എതിർപ്പ് ഉയർത്താനിടയുണ്ട്.

click me!