
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദിനെ കൊച്ചിയിലെത്തിച്ചു. രാവിലെ ചെന്നൈ വളപട്ടത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പുലർച്ചെ 2 മണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചി സ്വദേശികളിൽ നിന്ന് നാല്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് പൊലീസിന്റെ നടപടി. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇയാളെ ഉച്ചയോടെ പൊലീസ് കോടതിയിൽ ഹാജരാക്കും. പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും, ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനും എതിരെ ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം നേതാക്കൾക്കെതിരെ സിപിഎം പോളിറ്റ് ബ്യുറോക്ക് മുഹമ്മദ് ഷർഷാദ് പരാതി അയച്ചത് വലിയ വിവാദമായിരുന്നു. യുകെ വ്യവസായി ആയ വ്യക്തി സിപിഎം നേതാക്കളുടെ ബിനാമി എന്നായിരുന്നു മുഹമ്മദ് ഷർഷാദിന്റെ ആരോപണം. ഇതിൽ നേതാക്കൾ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ അറസ്റ്റ്. കൂടുതൽ പരാതിക്കാരുണ്ടെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. വിശ്വാസവഞ്ചന ഉൾപ്പെടെ ഉള്ള വകുപ്പുകളിലാണ് പൊലീസ് കേസ്. കമ്പനിയുടെ സഹസ്ഥാപകനായ ചെന്നൈ സ്വദേശി ശരവണനനെതിരെയും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam