ചെറാട് മലയിലെ രക്ഷാദൗത്യം; ഫയര്‍ഫോഴ്സിന് വീഴ്ച്ച? ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് സന്ദേശം പുറത്ത്

Published : Feb 13, 2022, 04:26 PM ISTUpdated : Feb 13, 2022, 04:38 PM IST
ചെറാട് മലയിലെ രക്ഷാദൗത്യം;  ഫയര്‍ഫോഴ്സിന് വീഴ്ച്ച? ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് സന്ദേശം പുറത്ത്

Synopsis

വ്യക്തമായ ഏകോപനം ഉണ്ടായിരുന്നെങ്കിൽ ഫയർ ഫോഴ്സിന് റെസ്ക്യൂ മിഷൻ നടത്താമായിരുന്നു. പാലക്കാട് ഫയർ ഓഫീസർ വീട്ടിൽ പോയിട്ടുണ്ടാകും എന്ന പരിഹാസവും വാട്ട്സാപ്പ് സന്ദേശത്തിലുണ്ട്.

പാലക്കാട്: മലമ്പുഴ (Malampuzha) കുറുമ്പാച്ചിമലയില്‍ കുടുങ്ങിപ്പോയ ബാബുവിന്‍റെ രക്ഷാപ്രവർത്തനത്തിൽ (Babu Rescue) അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ച്ചയുണ്ടായെന്ന നിരീക്ഷണത്തിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് സന്ദേശം പുറത്ത്. രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സിന് അടിമുടി പോരായ്മ ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്സാപ്പ് സന്ദേശങ്ങള്‍.  വിദഗ്ധ പരിശീലനം നേടിയ ഇടുക്കിയിൽ നിന്നുള്ള പത്തംഗ സംഘം രാത്രി ചെറാട് എത്തിയെങ്കിലും മല കയറാൻ പൊലീസിന്‍റെ അനുവാദം തേടേണ്ട അവസ്ഥ വരെയുണ്ടായെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.

'ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വാഹനം പൊലീസ് തടഞ്ഞിടുന്ന നിലപോലും ഉണ്ടായി. മലയിൽ കയറാൻ പോലീസിന്‍റെ അനുവാദം തേടേണ്ട ഗതികേടുണ്ടായി. മലയടിവാരത്ത് ഒരു ഫയർ ഓഫീസർ പോലും ഉണ്ടായിരുന്നില്ല. കളക്ടറുടെ അനുമതിയോടെയാണ് മല കയറിയത്'. മലയിൽ ആർമി, എന്‍ഡിആര്‍എഫ്, പൊലീസ്, ഫോറസ്റ്റ് എന്നിവർക്കൊപ്പം ഒരു ഫയർ ഓഫീസർ പോലും ഉണ്ടായിരുന്നില്ലെന്നും വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്നു. ബാബുവിന്‍റെ 50 മീറ്റർ അടുത്തുവരെ ഫയർ സംഘം എത്തിയിരുന്നു. വ്യക്തമായ ഏകോപനം ഉണ്ടായിരുന്നെങ്കിൽ ഫയർ ഫോഴ്സിന് റെസ്ക്യൂ മിഷൻ നടത്താമായിരുന്നു. പാലക്കാട് ഫയർ ഓഫീസർ വീട്ടിൽ പോയിട്ടുണ്ടാകും എന്നും വാട്ട്സാപ്പ് സന്ദേശത്തിൽ പറയുന്നു.

ബാബുവിന്‍റെ രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ചയുണ്ടായെന്ന നിരീക്ഷണത്തിന് പിന്നാലെ പാലക്കാട് ജില്ലാ അഗ്നിരക്ഷാ ഓഫീസർക്ക്, ഫയർ ആന്‍റ് റെസ്ക്യൂ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടും ശരിയായ ഇടപെടലുണ്ടായില്ലെന്നാണ് വിമർശനം. യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇക്കാര്യങ്ങളിലാണ് അഗ്നിരക്ഷാ ഓഫീസർ ഋതീജിനോട് വിശദീകരണം തേടിയത്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയായിരുന്നു അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്. 

അതേ സമയം, ബാബുവിനെ പുറത്തെത്തിക്കാൻ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെവലാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ സംഘങ്ങള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരക്കോടി രൂപയാണ്. മറ്റു ചിലവുകള്‍ കണക്കാക്കിവരുമ്പോഴേക്കും ചെലവായ തുക മുക്കാല്‍കോടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'