
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടുത്തം. പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ കുറച്ച് ഫയലുകൾ കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീ അണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.
ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയർഫോഴ്സ് പറഞ്ഞു. സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ഒട്ടേറെ ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനമെന്നും ഫയർഫോഴ്സ് പ്രതികരിച്ചു. അതേസമയം, സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ വെച്ചിരിക്കുന്ന റാക്കിൽ ആണ് തീ പിടുത്തം ഉണ്ടായത്. ബാക്കി ഫയലുകൾ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.
തീപിടിത്തം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സമഗ്രമായ അന്വേഷണം വേണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയമാണിതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്നും ഇടിമിന്നലിൽ സിസിടിവിക്ക് കേടുവന്നുവെന്ന് നേരത്തെ പറഞ്ഞതും അട്ടിമറി ശ്രമമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam