
കൊച്ചി: നാലാം ദിനവും പുകയിൽ ശ്വാസം മുട്ടി കൊച്ചി.ബ്രഹ്മപുരത്ത് ചവർകൂനകളിൽ പടർന്ന് പിടിച്ച തീയണക്കാൻ കഴിഞ്ഞിട്ടില്ല. എണ്‍പത് ശതമാനം തീയണക്കാൻ കഴിഞ്ഞുവെന്നും ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും അഗ്നിശമന സേന വ്യക്തമാക്കി
ബ്രഹ്മപുരത്തെ നീറ്റലിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും വിഷപുക നിറയുകയാണ്.ഇന്നലെ രാത്രിയോടെ വ്യാപനം വീണ്ടും കൂടിയെങ്കിലും ഇന്ന് പുലർച്ചയോടെ കുറഞ്ഞു. രാവിലെ എട്ട് മണിക്ക് തീകെടുത്തി തുടങ്ങിയതോടെ വീണ്ടും ഉയർന്നു. പ്ലാസ്റ്റിക്ക് മാലിന്യമായത് കൊണ്ട് പൂർണ്ണമായി തീയണക്കാൻ കഴിയാത്തതാണ് പ്രതിസന്ധി.അഗ്നിശമന സേനയുടെ 25യൂണിറ്റുകളും നാവികസേനയുടെ യൂണിറ്റും ബ്രഹ്മപുരത്തുണ്ട്. വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്. അന്ന് മുതൽ തുടങ്ങിയ ദുരൂഹത നീങ്ങിയിട്ടില്ല.
കൊച്ചിയിലെ വായു നിലവാര സൂചിക സാധാരണനിലയും കടന്ന് ഉയർന്നു നിൽക്കുകയാണ്.അപകടകരമായ സൂക്ഷ്മ പദാർത്ഥമായ പിഎം2.5ന്‍റെ അളവും ഉയരുന്നു.ഈ സാഹചര്യത്തിലാണ് ഞായാറാഴ്ച നിയന്ത്രണവും മാസ്ക്ക് ധരിക്കണമെന്ന മുന്നറിയിപ്പും.