
കൊച്ചി: അമ്മയുടെ കരൾ മാറ്റ ശസ്ത്രക്രിയക്കായി സ്വരൂപിച്ച പണം തട്ടിയെടുക്കാൻ സന്നദ്ധ സംഘടന പ്രവർത്തകർ ശ്രമിച്ച സംഭവത്തിൽ പൊലീസ് ഫിറോസ് കുന്നുംപറമ്പിലിന്‍റെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. എറണാകുളം എസിപി കെ ലാൽജിയുടെ നേതൃത്വത്തിലാണ് ഫിറോസിനെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മറ്റു രോഗികൾക്ക് നൽകാൻ പണം ആവശ്യപ്പെടുക മാത്രാമണ് ചെയ്തതെന്നുമാണ് ഫിറോസിന്‍റെ മൊഴി.
ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഫിറോസ് കുന്നുംപറമ്പില്‍, സാജൻ കേച്ചേരി എന്നിവരടക്കമുള്ളവർ അമ്മയുടെ ചികിത്സ ആവശ്യത്തിനായി ലഭിച്ച പണത്തിൽ നിന്നും ബാക്കി വന്ന തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ ചാരിറ്റി പ്രവത്തകനായ സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഫിറോസിനെയും കൊച്ചിയിലേക്ക് വിളിച്ചു വരുത്തി മൊഴി എടുത്തത്.
മൂന്നര മണിക്കൂറെടുത്ത് വിശദമായ മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ വർഷയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഫിറോസിന്‍റെ മൊഴി. ഫിറോസിന്‍റെ മൊഴി വിശദമായി പരിശോധിച്ച ശേഷം വർഷയിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടും. വർഷക്ക് പണം അയച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങളും ബാങ്കിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഫിറോസ് കുന്നുംപറമ്പില്‍ ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ള മുൻകാല ചാരിറ്റി പ്രവർത്തനങ്ങളെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam