മലപ്പുറത്തെ ആദ്യ കൊവിഡ് രോഗി അസുഖം ഭേദമായി ഇന്ന് ആശുപത്രി വിടും

By Web TeamFirst Published Apr 6, 2020, 6:56 AM IST
Highlights

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇവര്‍ അസുഖബാധിതയായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

മലപ്പുറം: മലപ്പുറത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിനി അസുഖം ഭേദമായി ഇന്ന് ആശുപത്രി വിടും. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇവര്‍ അസുഖബാധിതയായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ പത്ത് മണിയോടെ ആശുപത്രി വിടുന്ന ഇവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കും.

അതേസമയം, കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള സംവിധാനം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാവുകയാണ്. ആര്‍ടിപിസിആര്‍ ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടിപിസിആര്‍) പരിശോധനാ ലബോറട്ടറിക്ക് ഐസിഎംആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളേജ്പ്രിന്‍സിപ്പല്‍ ഡോ. എം പി ശശി അറിയിച്ചു.

ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ രണ്ട് ആര്‍ടിപിസിആര്‍ മെഷീനുകളാണ് ലാബില്‍ സജ്ജീകരിക്കുന്നത്. ഇവ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.കൊവിഡ് സംശയിക്കുന്ന രോഗികളുടെ സ്രവ പരിശോധനാ ഫലം ലാബ് പ്രവര്‍ത്തനക്ഷമമാവുന്നതോടെ ജില്ലയില്‍ വേഗത്തില്‍ ലഭ്യമാകും. നിലവില്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് സ്രവ പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിക്കുന്നത്.
 

click me!