അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാണ്ട്; പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിൽ, വിചാരണ ഇന്ന് തുടങ്ങും

By Web TeamFirst Published Jul 2, 2019, 7:01 AM IST
Highlights

16 പ്രതികളുള്ള കേസിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഒന്നാം വാർഷിക ദിനമായ ഇന്ന് കൊലക്കേസിന്‍റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ തുടക്കമാകും. 16 പ്രതികളുള്ള കേസിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

2018 ജൂലെെ രണ്ടിന് പുലർച്ചെയാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിൻഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. വ‌ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാര്‍ഥി രാഷ്ട്രീയ സംഘർഷത്തിൽ  കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 16 പ്രതികളെ ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹൽ, സുഹൃത്ത് അ‍ര്‍ജുനിനെ കുത്തി പരുക്കേൽപ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

കോളേജിലെ രണ്ടാം വർഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂാഢലോചന നടത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം. ആകെ 16 പ്രതികളുള്ള കേസിൽ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികൾ കോടതിയിൽ കീഴടങ്ങി. പിടിയിലാകാനുള്ള പ്രധാന പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 14 പ്രതികളുടെ വിചാരണ നടപടികൾ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ തുടങ്ങും.

click me!