
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ക്യാമ്പ് ഒരുക്കുന്നത്.
മേയ് 24 മുതൽ ജൂൺ 10 വരെയാണ് നെടുമ്പാശേരിയിലെ ഹജ് ക്യാമ്പ്. 4474 പേരാണ് കൊച്ചി വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്. ഇതിൽ 1826 പേർ പുരുഷന്മാരും 2448 പേർ സ്ത്രീകളുമാണ്. കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും തമിഴ്‌നാടിൽ നിന്നുള്ള അഞ്ചു പേരും കർണ്ണാടകയിൽ നിന്ന് രണ്ടു പേരും കൊച്ചി വഴിയാണ് പോകുന്നത്. സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുന്നത്. മേയ് 26ന് ഉച്ചയ്ക്ക് 12.30 ന് 279 ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടും. ജൂൺ 9ന് അവസാനിക്കുന്ന രീതിയിൽ 16 സർവ്വീസുകളാണ് നടത്തുന്നത്.
കൊച്ചി കൂടാതെ കോഴിക്കോട്, കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റുകളിൽ നിന്നും ഹാജിമാർ യാത്ര ചെയ്യും. ഹജ്ജ് യാത്ര സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാലിൽ ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിലയിരുത്തി.
സിയാൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ.സഫർ കയാൽ, ഇ.പി മുഹമ്മദ് റാഫി, പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ യു.കരിം, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദ് അലി, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam