
കൊച്ചി: റോബോട്ടിക്സ് മേഖലയിൽ കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റൗണ്ട് ടേബിൾ കോൺഫറൻസ് ഇന്ന്. സമാനതകളില്ലാത്ത മുന്നേറ്റം നൂതന വ്യവസായ മേഖലകളിൽ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കേരളം പുതിയൊരു ചുവട് കൂടി വയ്ക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റർനാഷണൽ ജെനറേറ്റീവ് എ ഐ കോൺക്ലേവിന് ശേഷം കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് ആണ് കൊച്ചിയിൽ ആരംഭിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റോബോട്ടിക്സ് കമ്പനികളിൽ നിന്നുൾപ്പെടെ നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസ് റോബോട്ടിക്സ് മേഖലയിൽ കേരളം ആഗ്രഹിക്കുന്നതും ആസൂത്രണം ചെയ്യുന്നതുമായ കുതിപ്പിന് ഊർജ്ജം പകരും. ലോകത്തിന് മുന്നിൽ കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി വളരുകയാണെന്നും മന്ത്രി പറഞ്ഞു.
റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കടന്നുവരുന്ന സംരംഭങ്ങൾക്ക് മികച്ച ഇൻസന്‍റീവുകളും സബ്സിഡികളും മറ്റ് സഹായങ്ങളും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭ്യമാകും. റോബോട്ടിക്സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഇത് കൂടാതെ റോബോട്ടിക്സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോബോട്ടിക്സ് ഇന്നൊവേഷൻ/ഇൻകുബേഷൻ സെന്‍ററുകൾ സ്ഥാപിക്കും. ഇന്ത്യയിൽ നാലാം വ്യവസായ വിപ്ലവ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam