ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ നിറയുന്നു: തലസ്ഥാനത്ത് വീട്ടികളിൽ പാർപ്പിച്ച് ചികിത്സ തുടങ്ങണമെന്ന് ആവശ്യം

By Web TeamFirst Published Jul 26, 2020, 6:14 PM IST
Highlights

18 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ആകെ 2395 കിടക്കകൾ. ഇതിൽ  1620 കിടക്കകളിലാണ്  ഇപ്പോൾ രോഗികൾ ഉള്ളത്

തിരുവനന്തപുരം: ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ നിറയുന്നു.  67 ശതമാനം  കിടക്കളും നിറ‌ഞ്ഞതോടെ ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ തന്നെ പാർപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  കൊവിഡ് ബാധിതനായ നഗരസഭയിലെ സിപിഎം നഗരസഭാ കൗൺസിലർ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. 

18 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ആകെ 2395 കിടക്കകൾ. ഇതിൽ  1620 കിടക്കകളിലാണ്  ഇപ്പോൾ രോഗികൾ ഉള്ളത്. ബാക്കിയുള്ളത് 857 കിടക്കകൾ. ഇതിൽ  മൂന്ന് ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിലെ ഏഴ് കേന്ദ്രങ്ങളിലെ  220  കിടക്കളും ഉൾപ്പെടും. ഒടുവിൽ ലഭ്യമായ കണക്ക് പ്രകാരം  മെഡിക്കൽ കോളെജ് ആശുപത്രിയിൽ 123  ബെഡുകളും ജനറൽ ആശുപത്രിയിൽ 42 ബെഡുകളും ഒഴിവുണ്ട്.  

സംസ്ഥാനത്തെ ആകെയുള്ള രോഗികളിൽ 27 ശതമാനവും തിരുവനന്തപുരത്താണ്. ദിവസവും 200ൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയിൽ  വൈകാതെ കിടക്കകൾ മതിയാകാതെ വരുമോ എന്നുള്ളതാണ് പ്രധാന ആശങ്ക.  ഇതിനിടെയാണ് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലാത്തതും ലക്ഷണമില്ലാത്തതുമായ കൊവിഡ് രോഗികളെ വീടുകളിൽ പാർപ്പിക്കാൻ സൗകര്യമുണ്ടെങ്കിൽ അതിന് തയ്യാറാവണമെന്നാണ് അഭിപ്രായം ഉയരുന്നത്. 

പരിമിതമായ സൗകര്യങ്ങളുള്ള ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനേക്കാൾ വീടുകളിൽ തന്നെ കഴിയുന്നതാവും രോഗികളുടെ മാനസികാരോഗ്യത്തിന് നല്ലതെന്ന അഭിപ്രായം ഒരു വിഭാഗം വിദഗ്ധർ‌ക്കുണ്ട്.  പക്ഷെ വീടുകളിലെ ഐസോലേഷൻ കൃത്യമായി പാലിക്കപ്പെടുമോ എന്നുള്ളതാണ് ഉയരുന്ന മറുവാദം.  

മാത്രമല്ല ഒരു മുറിയും രണ്ടു മുറിയും മാത്രമുള്ള തീരപ്രദേശത്തെ മിക്ക വീടുകളിലും  ഐസോലേഷൻ അപ്രായോഗികമാണെന്നതും ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളെ അനുകൂലിക്കുന്നവരുടെ വിലയിരുത്തലുകളാണ്.  കൂടുതൽ  ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങൾ ഒരുക്കമാണെങ്കിലും ആരോഗ്യപ്രവർത്തകരുടെ അഭാവവും പ്രശ്നമാണ്.

click me!