'രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും കൊവിഡ്'; നമ്മളറിയേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Jul 13, 2021, 6:08 PM IST
Highlights

കൊവിഡ് ഒരു തവണ വന്നു കഴിഞ്ഞാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള ആന്റിബോഡി ശരീരത്തിൽ രൂപം കൊള്ളും. താൽക്കാലികമായി ലഭിക്കുന്ന ഈ പ്രതിരോധത്തിന്റെ കാലവധി പരമാവധി മൂന്നു മാസം മുതൽ ആറു മാസം വരെ ആണ്.

തിരുവനന്തപുരം: "രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിക്ക് വീണ്ടും കൊവിഡ് ". ഈ വാർത്ത കാണുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങൾ ഉണ്ട്. കൊവിഡ് വീണ്ടും വരാമല്ലോ എന്നതാണ് ഒന്നാമത്തേത്. ശരിയാണ് വീണ്ടും വരാം. തൃശൂർ നഗരത്തിലെ തന്നെ ഒരു സ്വകാര്യ ഹോസ്റ്റലിൽ നിന്ന് വുഹാനിലെ എംബിബിഎസ് പഠനം ഓൺലൈനായി തുടർന്ന് വരികയായിരുന്നു ഈ കുട്ടി. സമ്പർക്കത്തിലൂടെയോ പ്രതിരോധത്തിലെ കണിശത കുറവോ വീണ്ടുമുള്ള രോഗബാധയ്ക്ക് കാരണമായിട്ടുണ്ടാകാം. ഒരു തവണ രോഗം വന്നു പോയൊരാൾക്ക് പ്രതിരോധ ശേഷി ഉണ്ടാകില്ലേയെന്ന അടുത്ത ചോദ്യത്തിനും വൈദ്യ ശാസ്ത്രത്തിൽ കൃത്യമായ ഉത്തരം ഉണ്ട്. 

കൊവിഡ് ഒരു തവണ വന്നു കഴിഞ്ഞാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള ആന്റിബോഡി ശരീരത്തിൽ രൂപം കൊള്ളും. താൽക്കാലികമായി ലഭിക്കുന്ന ഈ പ്രതിരോധത്തിന്റെ കാലവധി പരമാവധി മൂന്നു മാസം മുതൽ ആറു മാസം വരെ ആണ്. 2020 ജനുവരി 30ന് രോഗം സ്ഥിരീകരിച്ച ഈ കുട്ടിക്ക് ഒന്നര വർഷത്തിനിപ്പുറം ഈ ആന്റി ബോഡി പ്രതിരോധം ഉണ്ടാകില്ല. അപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം വാക്‌സിൻ സ്വീകരിച്ചിരുന്നില്ലേ എന്നതാണ്. അതിനുമുണ്ട് ഉത്തരം.18 വയസ് മുതൽ 45 വയസ്സുവരെ ഉള്ളവരിൽ വാക്സിനേഷൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയിട്ടെ ഉള്ളു. വാക്സീൻ ക്ഷാമം കാരണം 45 വയസിന് മുകളിൽ ഉള്ളവരിൽ പോലും കുത്തിവയ്പ് പൂർണമാക്കാൻ ആകാത്ത സാഹചര്യത്തിൽ 21 വയസായ ഈ കുട്ടിക്ക് അത്ര എളുപ്പം വാക്‌സിൻ കിട്ടില്ലെന്നുറപ്പ്. 

ഇനി വാക്സീൻ എടുത്താൽ തന്നെ പൂർണ സംരക്ഷണം ആകില്ല. മാസ്‌ക്, ശാരീരിക അകലം,കൈകൾ ഇടക്കിടെ വൃത്തിയാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിച്ചില്ലെങ്കിൽ പണി പാളും. ചുരുക്കത്തിൽ നമ്മൾ അറിയേണ്ടത് ഇത്രമാത്രം, ഒരു തവണ കൊവിഡ് വന്നുപോയലോ വാക്സീൻ സ്വീകരിച്ചാലോ മാത്രം പിന്നെയും കൊവിഡ് വരാതെ പോകില്ല. ലക്ഷണങ്ങളൊന്നുമില്ലാതെ ഒരു ശല്യവും ചെയ്യാതെ ചിലപ്പോൾ കൊവിഡ് വന്നുപോകാം. എന്നാൽ ചിലരിൽ അത് ഗുരുതരമാകും. മരണത്തിലേക്കും നയിക്കാം. കൊവിഡ് വന്നുപോയതിൽ ആശ്വാസം കാണാമെന്ന് കരുതിയാൽ ആ ആശ്വാസവും ശാശ്വതമല്ല. കാരണം കോവിഡാനന്തര പ്രശ്നങ്ങൾ, അത് ക്ഷീണം ഉറക്കമില്ലായ്മ ഇങ്ങനെ തുടങ്ങി ഹൃദയാഘാതം ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. 

ഇപ്പോൾ കൊവിഡ് പോസിറ്റീവ് ആയ , രാജ്യത്തെ തന്നെ ആദ്യ കോവിഡ് ബാധിതയ്ക്ക് ഇപ്പോഴും ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല. ആദ്യം രോഗം വന്നപ്പോഴും വലിയ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ നിന്ന് തിരികെ വന്നത് കൊണ്ടാണ് ആദ്യം പെൺകുട്ടിയെ പരിശോധിച്ചതെങ്കിൽ ഇത്തവണ ദില്ലി യാത്രയ്ക്ക് വേണ്ടി ആ കുട്ടി നടത്തിയ പരിശോധനയിൽ ആണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആശുപത്രി വാസം വേണ്ടാത്ത തരത്തിൽ ആയതിനാൽ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് പെൺകുട്ടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!