
കോഴിക്കോട്: ബേപ്പൂരിന്റെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന് അനുയോജ്യമായ സ്മാരകം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യഘട്ട നിർമാണം പൂർത്തിയാവുന്നു. ബേപ്പൂരിൽ തന്നെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7.37 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
ആകാശ മിഠായി എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തിയുടെ ഭാഗമായി 11,000 ചതുരശ്ര അടിയിലുള്ള കെട്ടിട നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിൽ ലിറ്റററി കഫെ, കോൺഫറൻസ് ഹാൾ, ടോയ്ലറ്റ്, ലിഫ്റ്റ് എന്നിവയും സമീപത്തായി ഓപ്പൺ സ്റ്റേജും ഉൾപ്പെടുന്നു. പദ്ധതിയുടെ 96 ശതമാനം പ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. ലാൻഡ്സ്കേപ്പിംഗ്, ലൈറ്റിംഗ് വർക്കുകൾ, ഫർണിച്ചർ, എ.സി ജോലികൾ, കോമ്പൗണ്ട് വാൾ, ആർട്ട് ആന്റ് ക്യൂരിയോ വർക്കുകൾ എന്നിവ കൂടി നടപ്പിലാക്കുന്നതിന് 10.43 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി തിരുത്തലുകൾ വരുത്തി വരുകയാണ്. ഇതോടൊപ്പം മറ്റൊരു ടൂറിസം പദ്ധതിയായ മലബാർ ലിറ്റററി സർക്യൂട്ടിന്റെ ഭാഗമായി ബഷീറിന്റെ ഓർമ്മകളെ ഉണർത്തുന്ന സൈനേജും ഇവിടെ സ്ഥാപിക്കുന്നുണ്ട്.
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുന്നതിന് ഏകദേശം 17 സെന്റ് സ്വകാര്യ ഭൂമി കോഴിക്കോട് കോർപ്പറേഷൻ വാങ്ങി നിർമ്മാണത്തിനായി ടൂറിസം വകുപ്പിനു നൽകേണ്ടതുണ്ട്. ഇവിടെ ബഷീർ ആർകൈവ്സ് , കിനാത്തറ ( കിനാവ് കാണുന്ന തറ), ബോർഡ് റൂം, ലൈബ്രറി എന്നിവ അടങ്ങുന്ന കൾച്ചറൽ ബിൽഡിങ്ങ് ആണ് ആർക്കിടെക്ട് വിഭാവനം ചെയ്തിരിക്കുന്നത്. അതോടൊപ്പം നിലവിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്ത് കോർപ്പറേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ അക്ഷരത്തോട്ടം എന്ന ആശയമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനുള്ള പദ്ധതിയും തയ്യാറാക്കി വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam