കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും

By Web TeamFirst Published Dec 31, 2020, 7:17 AM IST
Highlights

കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആർ.ശ്രീലേഖ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സർവ്വീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവർ. കേരളത്തിലെ ഐപിഎസ് കേഡറിൽ എത്തിയ ആദ്യ വനിത.

സിവിൽ സർവ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പൊലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് ആർ.ശ്രീലേഖ. 33 വർഷത്തെ സർവ്വീസ് ജീവതത്തിനിടയിൽ പൊലീസിനകത്തും പുറത്തുമായി നിരവധി പദവികൾ വഹിച്ചു. പൊലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങി . ചേർത്തല എഎസ്പിയായാണ് തുടക്കം. തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്‌പിയായി. സിബിഐയിൽ അഞ്ചു വർഷം എസ്പിയായി പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവടങ്ങളിൽ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തു. വിജിലൻസിൽ മിന്നൽ പരിശോധനകള്‍ക്ക് തുടക്കമിടുന്നത് ആർ.ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്.

കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്. മൂന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പുമുണ്ടായിരുന്നു. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് കേരളത്തിൻറെ ആദ്യ വനിത ഡിജിപിയുടെ പടിയിറക്കം. അതും നിശബ്ദമായി. പൊലീസ് സേനയുടെയോ ഐപിഎസ് അസോസിയേഷന്റെയോ ഒരു യാത്രയപ്പു ചടങ്ങുകളും വേണ്ടെന്ന് രേഖാമൂലം അറിയിച്ചാണ് മടക്കം. മാധ്യമങ്ങളോടും തൽക്കാലം മൗനം.

click me!