കാലില്‍ കയറ് കുരുങ്ങി കടലില്‍ വീണു, അമ്പലപ്പുഴയില്‍ മത്സ്യത്തൊഴിലാളി മരിച്ചു

By Web TeamFirst Published Sep 5, 2022, 7:48 PM IST
Highlights

കാറ്റിനെ തുടർന്ന് വള്ളം തീരത്തടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. റോപ്പുമായി ബന്ധിപ്പിച്ച ആങ്കർ വള്ളത്തിൽ നിന്ന് സഹപ്രവർത്തകർക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ സന്തോഷിന്‍റെ

ആലപ്പുഴ: കാലിൽ കയറ് കുരുങ്ങിയതിനെ തുടര്‍ന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവൽവീട്ടിൽ സന്തോഷ് ആണ് മരിച്ചത്. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം വൈകിട്ട് നാല് മണിക്കാണ് അപകടം. മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വള്ളം തീരത്തടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.

റോപ്പുമായി ബന്ധിപ്പിച്ച ആങ്കർ വള്ളത്തിൽ നിന്ന് സഹപ്രവർത്തകർക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ സന്തോഷിന്‍റെ കാലിൽ കുരുങ്ങി കടലിൽ വീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ 5.45 ഓടെ സന്തോഷിനെ കണ്ടെത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 

അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴ, ഒപ്പം ഇടിയും മിന്നലും ; ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത നി‍ർദ്ദേശം

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ സംസ്ഥാനത്ത് അതി തീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 

അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി നാല് ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമായിരിക്കും. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ  സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളിൽ മഴ കനക്കാനും സാധ്യതയുണ്ട്.

click me!