
തിരുവനന്തപുരം: വലയില്‍ കുടുങ്ങിയ ഭീമന്‍ ആമയെ കടലിലേക്ക് തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍. വെട്ടുകാട് കടപ്പുറത്ത് ബീമാപ്പള്ളിയിലെ മത്സ്യത്തൊഴിലാളികളുടെ കമ്പവലയിലാണ് ആമ കുടുങ്ങിയത്. വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റെഡ്ലി എന്ന ഇനത്തില്‍പ്പെട്ട ആമയെ തൊഴിലാളികള്‍ കടലിലേക്ക് വിടുകയായിരുന്നു.
വല പൂര്‍ണമായും തീരത്തേക്ക് വലിച്ചു കയറ്റിയ ശേഷമാണ് മത്സ്യങ്ങള്‍ക്കൊപ്പം വലയില്‍ കുടുങ്ങിയ ആമയെ മത്സ്യത്തൊഴിലാളികള്‍ കണ്ടത്.
ദേശാടകരായ കടലാമകൾ പ്രജനനത്തിനായി ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി അവ വിരിഞ്ഞിറങ്ങിയ അതേ തീരത്തുതന്നെ മുട്ടയിടാനായി എത്തിച്ചേരും. എന്നാൽ കേരളത്തിൽ കടൽത്തീരങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്നതിനാൽ ആമകള്‍ക്ക് തീരത്തേക്ക് കയറാൻ കഴിയാതെ വലകളിൽ കുടുങ്ങുന്ന അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വലയിൽപ്പെട്ടാൽ ഇവയെ തിരികെ അയക്കാറാണ് പതിവ്. കടലാമകളുടെ സംരക്ഷണത്തിനായി ജില്ലകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ സമിതികൾ രൂപീകരിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം